കൊച്ചി : തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി സിപിഎം കൗൺസിലർമാർ. നഗരസഭ സെക്രട്ടറി സുഗതകുമാറിനെ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ യു.കെ.പീതാംബരനും കൗൺസിലർ അഖിൽദാസും ചേർന്ന് ഔദ്യോഗിക വാഹനം തടഞ്ഞുനിർത്തിയാണ് ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ സുഗതകുമാറിനെ സ്ഥലം മാറ്റി.
മെയ് 25 നാണ് സംഭവം നടന്നത്. ആരോഗ്യ വിഭാഗത്തിലെ സെക്രട്ടറിയുടെ അധികാരങ്ങൾ ഹെൽത്ത് സൂപ്പർവൈസർക്ക് പകുത്തുനൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ വൈസ് ചെയർമാൻ കെ.കെ.പ്രദീപ്കുമാറും ദൃശ്യങ്ങളിലുള്ള രണ്ട് കൗൺസിലർമാരും ചേർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
എന്നാൽ സുഗതകുമാർ ഇതിന് തയ്യാറായില്ല. ഇതോടെ മെയ് 25ന് ഓഫീസിൽനിന്ന് ഇറങ്ങിവരുമ്പോൾ പീതാംബരനും അഖിലും കാത്തുനിന്ന് കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ‘തൃപ്പൂണിത്തുറയിൽവന്ന് വേഷം കെട്ടെടുക്കേണ്ട’ എന്നാണ് പീതാംബരൻ പറഞ്ഞത്. ‘പ്രതികാര നടപടിയിലേക്ക് പോവുകയാണെങ്കിൽ കൈകാര്യം ചെയ്യും, നല്ല അടിതരും’ എന്ന് അഖിലും പറഞ്ഞതായി പരാതിയിലുണ്ട്.
മെയ് 20 നാണ് സുഗതകുമാറിനെ ചെങ്ങന്നൂരിലേക്ക് സ്ഥലം മാറ്റിയത്. അതേസമയം, സംസാരിച്ച സമയത്ത് സന്ദർഭവശാൽ പറഞ്ഞുപോയതാണെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് യു.കെ.പീതാംബരന്റെ വാദം. ആരോഗ്യ വിഭാഗത്തിൽ സെക്രട്ടറി നടത്തിയ നടപടികൾ സംബന്ധിച്ച് സംസാരിക്കാനാണ് മെയ് 12-ന് ഓഫീസിൽ ചെന്നത്. ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇപ്പോഴുണ്ടായ സ്ഥലംമാറ്റത്തിൽ തങ്ങളുടെ ഇടപെടലില്ലെന്നും പീതാംബരൻ പറഞ്ഞു.
Discussion about this post