ചിക്കബല്ലാപ്പൂർ: ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് സുഹൃത്തിന്റെ കഴുത്തറുത്ത് രക്തം കുടിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കർണാടകയിലെ ചിക്കബല്ലാപ്പൂരിലാണ് സംഭവം. വിജയ് എന്നയാളാണ് സുഹൃത്ത് മാരേഷിന്റെ കഴുത്തറുത്തത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മാരേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാരേഷിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് വിജയ് അതിക്രമം കാട്ടിയത്. വിജയും മാരേഷും തമ്മിൽ കണ്ടു സംസാരിക്കുന്നതിനിടെ വാക്കു തർക്കം ഉണ്ടാവുകയും വിജയ് മാരേഷിന്റെ കഴുത്തറുക്കുകയുമായിരുന്നു. ഇരുവരുടേയും മറ്റൊരു സുഹൃത്ത് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഇത് തെളിവായി കണ്ട് പോലീസ് മൊബൈൽ പിടിച്ചെടുത്തിട്ടുണ്ട്.
കഴുത്തറുത്ത ശേഷം വിജയ് മാരേഷിന്റെ കഴുത്തിൽ കുത്തിപ്പിടിക്കുന്നത്, ശേഷം കുനിഞ്ഞിരുന്ന് മാരേഷിന്റെ കഴുത്തിൽ കൂടി ഒഴുകിയിറങ്ങുന്ന ചോര കുടിക്കുന്നതും വീഡിയോയിൽ കാണാം. പരിക്കേറ്റ് വീണ് കിടക്കുമ്പോഴും മാരേഷിനെ വിജയ് ക്രൂരമായ് ഉപദ്രവിക്കുന്നുണ്ട്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിജയ് പോലീസ് പിടിയിലാകുന്നത്. വിജയ്ക്കെതിരെ കെഞ്ചർലഹള്ളി പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.









