വാഷിംഗ്ടൺ: 2001 സെപ്റ്റംബർ 11-ന് അമേരിക്കയെ നടുക്കിയ ഭീകരാക്രമണത്തിന് വർഷങ്ങൾക്ക് മുൻപേ തന്നെ അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ ഇന്ത്യയെ ലക്ഷ്യമിട്ടിരുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ (CIA) വെളിപ്പെടുത്തൽ. അടുത്തിടെ പുറത്തുവിട്ട സിഐഎയുടെ ഡിക്ലാസിഫൈഡ് രേഖകളിലാണ് (declassified documents) ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 9/11 ഭീകരാക്രമണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി പുറത്തുവിട്ട പഴയ റിപ്പോർട്ടുകളിലാണ് ലാദന്റെ ഇന്ത്യയിലെ ആക്രമണ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. അമേരിക്കൻ മണ്ണിൽ ചോരപ്പുഴ ഒഴുക്കുന്നതിന് മുൻപ് തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വൻ ഭീകരാക്രമണങ്ങൾക്ക് അൽ ഖ്വയ്ദ പദ്ധതികൾ മെനഞ്ഞിരുന്നു എന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു. ബുഷ് എന്നിവർക്കായി സിഐഎ തയ്യാറാക്കി നൽകിയ നൂറിലധികം പേജുകളുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകളാണ് ഇപ്പോൾ പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 1998 ഓഗസ്റ്റ് 28-ന് തയ്യാറാക്കിയ ‘ബിൻ ലാദൻ ടെററിസ്റ്റ് നെറ്റ്‌വർക്ക് സ്റ്റിൽ എ ത്രെട്ട്’ (Bin Laden terrorist network still a threat) എന്ന തലക്കെട്ടിലുള്ള ദൈനംദിന റിപ്പോർട്ടിലാണ് ഇന്ത്യയിലെ ലാദന്റെ ലക്ഷ്യങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ഈജിപ്ത്, അറേബ്യൻ ഉപദ്വീപ് രാജ്യങ്ങളായ കുവൈത്ത്, സൗദി അറേബ്യ, യെമൻ എന്നിവയും പാകിസ്ഥാൻ, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളിലും ലാദൻ നേരിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി സിഐഎയുടെ രേഖകളിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇന്ത്യയിൽ കൃത്യമായി എവിടെയാണ് ആക്രമണം നടത്താൻ ലാദൻ പദ്ധതിയിട്ടിരുന്നതെന്നോ, ആക്രമണത്തിന്റെ തീയതിയോ മറ്റു വിവരങ്ങളോ ഈ രേഖകളിൽ വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ രഹസ്യവിവരങ്ങളുടെ ഉറവിടം ഏതാണെന്ന കാര്യവും റിപ്പോർട്ടിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കയിൽ വിമാനങ്ങൾ റാഞ്ചി ആക്രമണം നടത്തുന്നതിന് മൂന്ന് വർഷം മുൻപ് തന്നെ ബിൻ ലാദൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തരമായി വലിയ തോതിലുള്ള ഭീകരാക്രമണങ്ങൾക്ക് പദ്ധതികൾ മെനഞ്ഞിരുന്നു എന്നാണ് ഈ രേഖകൾ അടിവരയിടുന്നത്. പതിറ്റാണ്ടുകളായി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ പ്രസിഡൻഷ്യൽ ബ്രീഫിംഗ് രേഖകൾ (Presidential Daily Briefs) പുറത്തുവന്നതോടെയാണ് 9/11 ആക്രമണത്തിന് മുൻപുള്ള അൽ ഖ്വയ്ദയുടെ ആഗോള ഭീകര ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലോകത്തിന് മുന്നിലെത്തിയത്. ന്യൂയോർക്കിലെ ഇരട്ട ടവറുകളടക്കം തകർത്തെറിഞ്ഞ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് തികയുമ്പോഴാണ് ഇന്ത്യയെയും ഞെട്ടിക്കുന്ന സിഐഎയുടെ പഴയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.









