ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിൻ്റെയും ഒരു സൗഹൃദ നിമിഷം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ഉച്ചകോടിയിൽ സംസാരിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി തൻ്റെ പ്രസംഗം നിർത്തി ഷി ജിൻപിങ്ങിൻ്റെ സുഖവിവരങ്ങൾ ചോദിച്ചറിയുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. ഉച്ചകോടിയിൽ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ ഷി ജിൻപിങ്ങിന് ചെറിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നതായി തോന്നിയിരുന്നു.
തുടർന്ന് തൻ്റെ പ്രസംഗം അൽപ്പനേരം നിർത്തിവെച്ച പ്രധാനമന്ത്രി മോദി ഷി ജിൻപിങ്ങിനൊപ്പം ഉണ്ടായിരുന്ന പരിഭാഷകനോട് “അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ?” (Is he okay?) എന്ന് ചോദിച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം വീണ്ടും ഇതേ ചോദ്യം ആവർത്തിച്ചു. തുടർന്ന് തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഷി ജിൻപിങ് തലയാട്ടി സമ്മതിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി തൻ്റെ പ്രസംഗം പുനരാരംഭിച്ചത്. ദൂരദർശൻ പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം 4.40 മിനിറ്റിൽ എത്തിയപ്പോഴായിരുന്നു ഈ സംഭവം.
ഷി ജിൻപിങ്ങിൻ്റെ അസ്വസ്ഥതയ്ക്ക് കൃത്യമായ കാരണമെന്താണെന്ന് വ്യക്തമല്ലെങ്കിലും, ഈ ചെറിയ സംഭവത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾക്കിടയിലും നേതാക്കൾക്കിടയിലുള്ള വ്യക്തിപരമായ സൗഹൃദമാണ് വ്യക്തമാകുന്നത്. അതിർത്തി പ്രശ്നങ്ങളുടെ പേരിൽ നീണ്ടകാലമായി നിലനിൽക്കുന്ന തർക്കങ്ങൾ മറന്ന് ബന്ധം സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്ന സമയത്ത് തന്നെയാണ് ഇരുനേതാക്കളും തമ്മിലുള്ള ഈ ഹൃദ്യമായ കൂടിക്കാഴ്ച നടന്നത്. ചൈനീസ് പ്രസിഡൻ്റിൻ്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെങ്കിലും, ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കൾക്കായി പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്നിൽ നിന്ന് ഷി ജിൻപിങ് വിട്ടുനിന്നതും വലിയ വാർത്തയായിരുന്നു.
വിരുന്നിൽ പങ്കെടുക്കാത്തതിന് കാരണമെന്താണെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, തുടർച്ചയായ യാത്രകളും തിരക്കുകളും മൂലം ക്ഷീണിതനായ അദ്ദേഹം വിശ്രമിക്കുന്നതിനായി ഹോട്ടലിലേക്ക് മടങ്ങിയതാണെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ചൈനയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം ഉച്ചയോടെയാണ് ഡൽഹിയിലെത്തിയത്. 2 മണിക്ക് ആരംഭിച്ച ഉച്ചകോടിക്ക് ശേഷം അദ്ദേഹം പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകളും നടത്തിയിരുന്നു. യാത്രാക്ഷീണം മാറുന്നതിന് മുൻപ് തന്നെ തിരക്കേറിയ പരിപാടികളിൽ പങ്കെടുത്തതാകാം അദ്ദേഹത്തിന് അസ്വസ്ഥത ഉണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ. ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡൻ്റ് ഇന്ത്യ സന്ദർശിക്കുന്നത്.










