ന്യൂഡൽഹി; ഇന്ത്യയെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർക്ക് തക്കതായ മറുപടി നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ ഇപ്പോൾ ദുർബലമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ശക്തമായ രാജ്യമായി ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ കാങ്കറിൽ നടന്ന റാലിയിൽ ആയിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
ഇന്ത്യയെ ഉപദ്രവിക്കാൻ തക്കം നോക്കി നിൽക്കുന്ന അയൽരാജ്യങ്ങൾക്ക് ഒരു മറുപടിയായാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഞങ്ങളുടെ അയൽക്കാരോട് ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ് എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വാക്കുകൾ ആരംഭിച്ചത്. നിങ്ങൾ ഞങ്ങൾക്ക് നേരെ കല്ലേറ് നടത്തിയാൽ തീർച്ചയായും ഉചിതമായ മറുപടി നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഛത്തീസ്ഗഡിലെ ഗോത്രവർഗ ആധിപത്യമുള്ള കാങ്കർ ജില്ലയിലായിരുന്നു റാലി നടന്നത്. ഛത്തീസ്ഗഡിൽ ഇടതുപക്ഷ തീവ്രവാദത്തിന്റെ സ്വാധീനം കുറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷമായി മോദി സർക്കാർ കൈക്കൊണ്ട ഫലപ്രദമായ നടപടികൾ കാരണം ഗോത്രവർഗ മേഖലകളിലെ ഇടതുപക്ഷ തീവ്രവാദ പ്രവർത്തനം ഇല്ലാതായെന്നും പ്രതിരോധ മന്ത്രി പറഞ്ഞു











