വ്യാജതെളിവുകൾ സൃഷ്ടിച്ചെന്ന കേസിലാണ് ആക്റ്റിവിസ്റ്റ് ടീസ്റ്റ സെതൽവാദ് ഉടൻ കീഴടങ്ങണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ശനിയാഴ്ച രാത്രി നടത്തിയ പ്രത്യേക സിറ്റിങ്ങിൽ സുപ്രീം കോടതി ഗുജറാത്ത് ഹൈക്കോടതിയുടെ ഈ വിധി സ്റ്റേ ചെയ്തു. തുടർന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ടീസ്റ്റയ്ക്ക് ഒരാഴ്ചത്തെ ഇടക്കാലജാമ്യം അനുവദിക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി അസാധാരണമാംവിധം വൈകിയ ഈ ഹിയറിങ്ങിന് പിന്നിൽ രസകരമായ ഒരു ഭരതനാട്യം കഥയും ഉണ്ട്. കാരണം സുപ്രീം കോടതി ജസ്റ്റിസ് കെ വി വിശ്വനാഥന്റെ മകൾ സുവർണ വിശ്വനാഥന്റെ ഭരതനാട്യം നൃത്തം ന്യൂഡൽഹിയിലെ ചിന്മയ മിഷനിൽ നടക്കുകയായിരുന്ന സമയത്തായിരുന്നു ടീസ്റ്റ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യുവാൻ ആയി സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും സുപ്രീം കോടതിയിലെ പല ജസ്റ്റിസുമാരും, സോളിസിറ്റർ ജനറൽ തുഷാർ മേത്തയും മറ്റ് നിരവധി മുതിർന്ന അഭിഭാഷകരും ഈ ഭരതനാട്യ അവതരണ ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു ഈ സമയം.
സെപ്തംബറിൽ സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ ടീസ്റ്റ സെതൽവാദ് 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്ത് ഹൈക്കോടതി “ഉടൻ കീഴടങ്ങാൻ” ആവശ്യപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച വൈകിട്ടാണ് സുപ്രീം കോടതിയിൽ പുതിയ അപേക്ഷ സമർപ്പിക്കുന്നത്. തുടർന്ന് ജസ്റ്റിസുമാരായ എ.എസ് ഓക്ക, പ്രശാന്ത് കുമാർ മിശ്ര എന്നിവർക്ക് മുമ്പാകെ വൈകിട്ട് 6.30ന് പ്രത്യേക വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നു.
പിന്നീട് സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ഹിയറിംഗിനെക്കുറിച്ച് അറിയിക്കുകയും ചെയ്തു.
വാദത്തിനൊടുവിൽ രണ്ട് ജസ്റ്റിസുമാർക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായതിനാലാണ് കേസ് മൂന്ന് ജസ്റ്റിസുമാരുടെ വിശാല ബെഞ്ചിലേക്ക് മാറ്റാൻ തീരുമാനിക്കുന്നത്. തുടർന്ന് ഇക്കാര്യം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നൃത്തപരിപാടികൾ അവസാനിപ്പിച്ച ശേഷം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവർ രാത്രിയിൽ തന്നെ ടീസ്റ്റ സെതൽവാദിന്റെ കേസ് പരിഗണിക്കുകയായിരുന്നു.











