ന്യൂഡൽഹി : മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിലേക്കുള്ള മൂന്ന് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഒരു വിമാനം ലക്നൗവിലേക്കും രണ്ടു വിമാനങ്ങൾ അമൃത്സറിലേക്കും വഴിതിരിച്ചുവിട്ടതായാണ് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചത്.
ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള UK 836 വിമാനവും മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള UK 960 വിമാനവുമാണ് അമൃത്സറിലേക്ക് തിരിച്ചുവിട്ടിട്ടുള്ളത്. ദേശിയ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് ജൂലൈ 4 , 5 തീയതികളിൽ ഡൽഹിയിൽ ഇരുണ്ട മേഘങ്ങൾ നിറഞ്ഞ ആകാശമായിരിക്കും ഉണ്ടായിരിക്കുക. ഇടിമിന്നലോട് കൂടിയ മഴയും അനുഭവപ്പെടാൻ സാധ്യതയുള്ളതായും പറയുന്നു.
അടുത്ത അഞ്ചു ദിവസങ്ങളിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഗുജറാത്ത് , ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്യുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.











