തന്റെ വീട്ടിൽ പുതുതായി താമസത്തിന് എത്തിയ വാടകക്കാരന് ഒരു കുഞ്ഞു സമ്മാനം നൽകിക്കൊണ്ട് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുകയാണ് ഇപ്പോൾ ബാംഗ്ലൂരിലെ ഒരു വീട്ടുടമസ്ഥ. പൊതുവേ ബാംഗ്ലൂർ നഗരത്തിൽ അമിത വാടക ഈടാക്കുന്നതിന്റെ പേരിൽ വീട്ടുടമകൾ വിമർശിക്കപ്പെടുമ്പോഴാണ് ഈ സ്ത്രീ വ്യത്യസ്തയാകുന്നത്. വീടുമാറ്റത്തിന്റെ ബുദ്ധിമുട്ടുകളാൽ ക്ഷീണിച്ചെത്തുന്ന വാടകക്കാരന് വേണ്ടി വീട്ടിലെ ഫ്രിഡ്ജിൽ ഒരു കിലോ കിംചി ആണ് ഈ വീട്ടുടമസ്ഥ തയ്യാറാക്കി സൂക്ഷിച്ചത്.
ഈ രസകരമായ സംഭവം ട്വിറ്ററിലൂടെ ആണ് വീട്ടുടമ വെളിപ്പെടുത്തിയത്. താമസിയാതെ തന്നെ ഈ ട്വീറ്റ് 40000 ത്തിലേറെ പേർ കാണുകയും നിരവധി പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. നിങ്ങളുടെ വാടകക്കാരൻ ആകാൻ എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നാണ് പലരും ഈ ട്വീറ്റിന് കമന്റ് ആയി കുറിക്കുന്നത്.
ഒരു പരമ്പരാഗത കൊറിയൻ വിഭവമാണ് കിംചി നാപ്പ കാബേജ് എന്നറിയപ്പെടുന്ന നീളത്തിലുള്ള തരം കാബേജ് കൊണ്ടോ റാഡിഷ് കൊണ്ടോ എല്ലാം ഈ വിഭവം ഉണ്ടാക്കുന്നതാണ്. രുചി വർദ്ധിപ്പിക്കുന്നതിനായി മുളക്, വെളുത്തുള്ളി, സോയ സോസ്, ഫിഷ് സോസ് എന്നിങ്ങനെയുള്ള പല വിഭവങ്ങളും ഇഷ്ടാനുസൃതമായി ഇതിൽ ചേർക്കാറുണ്ട്. ഇന്ത്യൻ വിഭവമായ അച്ചാറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ദിവസങ്ങളോളം വെച്ച് പുളിപ്പിച്ചെടുത്താണ് കിംചി തയ്യാറാക്കുന്നത്.











