സാക്ഷാൽ സരസ്വതിയാകുന്ന അക്ഷരങ്ങളോട് അത്രയേറെ ആദരവ് കാണിക്കുന്ന സ്ഥാപനം. അച്ചടിക്കുന്ന മതഗ്രന്ഥങ്ങൾ തറയിൽ സൂക്ഷിക്കുക പോലും ചെയ്യാതെ ആരാധിക്കുന്നവർ. കഴിഞ്ഞ ഒരു നൂറ്റാണ്ടായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തുന്ന ഗീതാ പ്രസിനെ മറ്റെന്ത് പറഞ്ഞ് വിശേഷിപ്പിക്കാനാണ് ? ഹിന്ദു ധർമ്മ ഗ്രന്ഥങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരാണ് ഗീത പ്രസ്. ഭഗവദ്ഗീത, രാമായണം,ഉപനിഷത്തുക്കൾ,പുരാണങ്ങൾ എന്നിങ്ങനെ ജനങ്ങൾ ഏറെ ഭക്തിയോടെ വായിക്കുന്ന പുസ്തകങ്ങൾ ആളുകളിലേക്കെത്തിച്ചാണ് ഗീത പ്രസ് പ്രസാധകരംഗത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ 2021 ലെ ഗാന്ധി സമാധാന പുരസ്‌കാരം തേടിവന്നിട്ടും പുരസ്‌കാരം ആദരവാണെന്നും അത് സ്വീകരിക്കുമെന്നും എന്നാൽ സമ്മാനത്തുകയായ ഒരുകോടി രൂപ മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമേ ഉപയോഗിക്കണം എന്നുമായിരുന്നു പ്രസിന്റെ നിർദ്ദേശം.
1923 ൽ പശ്ചിമബംഗാൾ സ്വദേശിയായിരുന്ന വ്യാപാരി ജയ ദയാൽ ഗോയങ്കയാണ് ഗീത പ്രസിന് അടിത്തറ പാകിയത്. തികഞ്ഞ മതവിശ്വാസിയായിരുന്ന അദ്ദേഹം മതഗ്രന്ഥങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള വഴികൾ സുഹൃത്തുക്കളുമായി കൂടി ആലോചിച്ചു. അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഭഗവത് ഗീത വിവർത്തനങ്ങളിൽ പലതിലും ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് അദ്ദേഹത്തിന് മനസിലായി. ഭഗവത് വചനങ്ങളുടെ കൃത്യമായ പൊരുൾ സാധാരണക്കാർക്ക് മനസിലാവാൻ, കൃത്യമായ വ്യാഖ്യാനത്തോടൊപ്പം ഗീതയുടെ ഒരു ആധികാരിക വിവർത്തനം ആവശ്യമാണെന്ന് ഗോയന്ദ്കയ്ക്കും സുഹൃത്തുക്കൾക്കും തോന്നി.
ഈ അവസരത്തിലാണ് സ്വന്തമായി ഒരു പ്രസാധക കേന്ദ്രം തന്നെ ആരംഭിക്കാൻ ഗോയങ്ക തീരുമാനിച്ചത്. ജയ ദയാൽ ഗോയങ്കയും സുഹൃത്തായ ഘൻശ്യാം ദാസ് ജലാനും ചേർന്ന് ചെറിയ വാടകമുറിയിൽ അങ്ങനെ ഗീത പ്രസ് ആരംഭിച്ചു. 1923 ഏപ്രിലിൽ ഭഗവദ്ഗീതയുടെ വിവർത്തനം വ്യാഖ്യാനങ്ങളോടെ അച്ചടി തുടങ്ങി. 1926 കളോടെ, ഭഗവത്ഗീതയ്ക്കും മറ്റ് മതഗ്രന്ഥങ്ങൾക്കുമൊപ്പം കല്യാൺ എന്ന പേരിൽ പ്രതിമാസ മാസികയും ആരംഭിച്ചു. ഹനുമാൻ പ്രസാദ് പൊദ്ദാർ എന്ന ഭായിജിക്കായിരുന്നു കല്യാണിന്റെ പരിപൂർണ ചുമതല. പ്രസിൽ അച്ചടിച്ചിരുന്ന ഗ്രന്ഥങ്ങൾ വീടുകളിൽ കൊണ്ട് നടന്ന് വിൽപ്പന ചെയ്തിരുന്നതും അദ്ദേഹമായിരുന്നു. രാജ്യത്ത് അന്ന് ബൈബിളും മറ്റ് മതപുസ്തകങ്ങളും സുലഭമായിരുന്നുവെങ്കിലും ഹിന്ദു മതഗ്രന്ഥങ്ങളുടെ ലഭ്യതക്കുറവ്, ഗീത പ്രസ് വളരേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് മനസിലാക്കിക്കൊടുത്തു.
പ്രസിദ്ധീകരണത്തിന്റെയും ഉള്ളടക്കത്തിന്റെയും വിവരങ്ങളുടെയും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഏറ്റവും കുറഞ്ഞ വിലയിലും ഏറ്റവും ലളിതമായ ഭാഷയിലും ഗ്രന്ഥങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ നിന്നും അണുവിടമാറാതെ ഗീത പ്രസ് അങ്ങനെ തങ്ങളുടെ ഉദ്യമം തുടർന്നു. 5 വർഷത്തിനുള്ളിൽ ഗീതാ പ്രസ്സ് രാജ്യത്തുടനീളം വ്യാപിച്ചു, വിവിധ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. അച്ചടിക്കുന്ന മതഗ്രന്ഥങ്ങൾ മരപ്പലകകളിലാണ് സൂക്ഷിക്കുന്നത്. വിപണിയിൽ ഉള്ള പശകളിൽ മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ അവ ഉപയോഗിക്കാറില്ല. എന്നതും ഗീത പ്രസിന്റെ മാത്രം പ്രത്യേകതകളാണ്.
ഈ കഴിഞ്ഞ നൂറ് വർഷത്തിനിടെ 15 ഭാഷകളിലായി 1850 പുസ്തകങ്ങളുടെ 93 കോടിയിലധികം കോപ്പികളാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ ഭഗവദ് ഗീതയുടെ മാത്രം 16.21 കോടി കോപ്പികൾ. സന്ത് തുളസീദാസിന്റെ കൃതികളുടെ 11.73 കോടി കോപ്പികളാണ് പ്രസിദ്ധീകരിച്ചത്. മൂന്നു രൂപ വിലയുള്ള ഹനുമാൻ ചാലിസയും 400 രൂപ വിലയുള്ള ശ്രീശിവമഹാപുരാണവുമാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്. ഗീത പ്രസിന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലുൾപ്പെടെ 20 വ്യാപാര വിൽപനശാലകളുണ്ട്. നേപ്പാളിലെ കാഠ്മണ്ഡുവിലടക്കം 52 റെയിൽവേ സ്റ്റേഷനുകളിൽ സ്വന്തം വിൽപനകേന്ദ്രങ്ങൾ, സഞ്ചരിക്കുന്ന പുസ്തകശാലകൾ, ഇന്ത്യയിലും വിദേശത്തുമായി 2500ലധികം പുസ്തക വിൽപ്പനക്കാർ പുറമെ ഓൺലൈൻ പുസ്തക വിൽപനയും സജീവമാണ്. കല്യാൺ എന്ന പേരിൽ ഗീത പ്രസ് പുറത്തിറക്കുന്ന മാസികയ്ക്ക് രണ്ട് ലക്ഷത്തിനടുത്താണ് വരിക്കാർ.
പ്രസിന്റെ ആർക്കൈവിൽ ഭഗവദ്ഗീതയുടെ നൂറിലധികം വ്യാഖ്യാനങ്ങൾ ഉൾപ്പെടെ 3,500ലധികം കൈയെഴുത്തു പ്രതികളാണ് സൂക്ഷിച്ചിട്ടുള്ളത്. പ്രസിദ്ധീകരണങ്ങളിൽ സംഭാവനകൾ അഭ്യർത്ഥിക്കുകയോ പരസ്യങ്ങൾ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നതും ഗീത പ്രസിന്റെ സവിശേഷതയാണ്. ഗോരഖ്ധാം ക്ഷേത്രത്തിന്റെ തലവനാണ് പ്രസിന്റെ ഓണററി രക്ഷാധികാരി .ഉത്തർപ്രദേശ് മുഖ്യമന്ത്രിയും നാഥ് സമ്പ്രദായത്തിന്റെ തലവനുമായ യോഗി ആദിത്യനാഥ് , ഗീതാ പ്രസിന്റെ രക്ഷാധികാരിയാണ്.











