സ്വത്തിനു വേണ്ടി സ്വന്തം സഹോദരങ്ങളേ പോലും കൊലപ്പെടുത്തുന്ന കാലമാണിത്. ഈ കാലഘട്ടത്തിൽ വേറിട്ട ഒരു വ്യക്തിത്വം ആവുകയാണ് തന്റെ പിതാവിന്റെ കോടിക്കണക്കിന് രൂപയുടെ സമ്പത്ത് നിരസിച്ച് സന്യാസജീവിതം സ്വീകരിച്ച വെൻ അജഹാൻ സിരിപന്യോ. 40,000 കോടി ആസ്തിയുള്ള വ്യവസായി ആനന്ദകൃഷ്ണന്റെ ഒരേയൊരു മകനാണ് അദ്ദേഹം. ഇന്ത്യക്കാർക്ക് വളരെ പരിചിതനായ ഒരു വ്യവസായി കൂടിയാണ് ആനന്ദകൃഷ്ണൻ. എംഎസ് ധോണി നയിക്കുന്ന ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഒരുകാലത്ത് സ്പോൺസർമാരിൽ ഒന്നായിരുന്നു ആനന്ദ കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ കമ്പനിയായ എയർസെൽ.
മലേഷ്യയിൽ ജീവിക്കുന്ന തമിഴ് വംശജനായ വ്യവസായിയാണ് ആനന്ദ കൃഷ്ണൻ. മലേഷ്യയിലെ ഏറ്റവും സമ്പന്നരിൽ ഒരാൾ കൂടിയായ ആനന്ദകൃഷ്ണന് ടെലികോം, മീഡിയ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽ എസ്റ്റേറ്റ്, സാറ്റലൈറ്റുകൾ എന്നിങ്ങനെ നിരവധി മേഖലകളിൽ വ്യവസായ സാമ്രാജ്യങ്ങൾ ഉണ്ട്. ഈ സാമ്രാജ്യത്തിന്റെ അവകാശിയായി മകൻ ചുമതലയേൽക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ബുദ്ധമതവിശ്വാസിയും മനുഷ്യസ്നേഹിയുമായ ആനന്ദകൃഷ്ണന്റെ മകൻ മറ്റൊരു വഴിയായിരുന്നു തിരഞ്ഞെടുത്തത്.
18 വയസ്സിൽ തന്നെ സിരിപന്യോ ഒരു തരുൺ വായ് സന്യാസിയാകാൻ തീരുമാനിച്ചു. എന്നാൽ ആദ്യം ഇത് ഒരു ചെറിയ കാലത്തേക്കുള്ള തമാശയായി മാത്രമാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ സന്യാസ ജീവിതത്തെ ശാശ്വതമായി തന്നെ സ്വീകരിക്കാൻ പിന്നീട് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
അമ്മ വഴി തായ്‌ലൻഡ് രാജകുടുംബവുമായും ബന്ധമുണ്ട് സിരിപന്യോയ്ക്ക്. അദ്ദേഹത്തിന് രണ്ട് സഹോദരിമാർ കൂടിയുണ്ട് എന്നും ഇവർ ആദ്യകാല ജീവിതം ബ്രിട്ടനിൽ ആയിരുന്നു ജീവിച്ചിരുന്നത് എന്നും പറയപ്പെടുന്നുണ്ട്. വെൻ അജഹാൻ സിരിപന്യോ എട്ടു ഭാഷകൾ സംസാരിക്കാൻ കഴിയുന്ന ആളാണെന്നാണ് മറ്റുചില റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ തായ്‌ലൻഡിലെ Dtao Dum മൊണാസ്ട്രിയുടെ മഠാധിപതിയാണ് വെൻ അജഹാൻ സിരിപന്യോ.
Discussion about this post