ചെന്നൈ: നാളെ ചെന്നൈയിൽ വെച്ച് ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം വിളിച്ചു ചേർത്തിരിക്കുകയാണ് തമിഴ് നടൻ വിജയ് . രാഷ്ട്രീയ പ്രഖ്യാപന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് വിജയ് ഇങ്ങനെ ഒരു യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിനുശേഷം വിജയ് രാഷ്ട്രീയ പ്രവേശന സൂചനകൾ നൽകുമോ എന്നാണ് ഇപ്പോൾ തമിഴകം ഉറ്റു നോക്കുന്നത്.
തമിഴകത്തിന് പുറത്തും ആരാധകരുള്ള താരമാണ് വിജയ്. അടുത്ത കാലത്തായി വിജയ് രാഷട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന തരത്തിലുള്ള വാർത്തകൾ ശക്തമാണ് . 2024 ദീപാവലി റിലീസ് ആയി പുറത്തിറങ്ങുന്ന വെങ്കട്ട് പ്രഭു ചിത്രത്തിനു ശേഷം വിജയ് സിനിമയിൽ നിന്നും ഇടവേള എടുക്കുമെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2026ലെ നിയമസഭ തെരഞ്ഞെടുപ്പിനു മുൻപ് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. വിജയ് ഫാൻസ് അസോസിയേഷൻ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. അതേസമയം ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകളോട് വിജയോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല.
Discussion about this post