ബോർഡർ-ഗാവസ്കർ ട്രോഫി ചരിത്രത്തിലെ ഏറ്റവും വിവാദപരമായ പരമ്പരകളിലൊന്നായ 2017-ലെ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര രംഗത്ത്. ബെംഗളൂരു ടെസ്റ്റിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നടത്തിയ വിവാദ ‘ഡി.ആർ.എസ്.’ (DRS) സംഭവത്തിന് പിന്നിലെ കള്ളക്കളികൾ വർഷങ്ങൾക്ക് ശേഷം പൂജാര പരസ്യമാക്കിയിരിക്കുകയാണ്. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയൻ ഇന്നിങ്സിൽ ഉമേഷ് യാദവിന്റെ പന്തിൽ സ്മിത്ത് എൽ.ബി.ഡബ്ല്യു. കുരുക്കിൽ പെടുകയായിരുന്നു. എന്നാൽ ഔട്ട് വിധിച്ചതിന് ശേഷം ക്രീസ് വിട്ടുപോകാതിരുന്ന സ്മിത്ത്, റിവ്യൂ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഡ്രസ്സിങ് റൂമിലേക്ക് നോക്കി സഹായം തേടുകയായിരുന്നു.
സ്മിത്തിന്റെ ഈ പ്രവൃത്തിക്കെതിരെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും മറ്റ് താരങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അനുവദിച്ച സമയം കഴിഞ്ഞിട്ടും തീരുമാനമെടുക്കാൻ വൈകിയതോടെ ഓസ്ട്രേലിയൻ ക്യാപ്റ്റന്റെ റിവ്യൂ അപ്പീൽ ഓൺ-ഫീൽഡ് അമ്പയർമാർ തള്ളിക്കളഞ്ഞു. പിന്നീട് തന്റേത് ഒരു ‘ബ്രെയിൻ ഫെയ്ഡ്’ മാത്രമായിരുന്നുവെന്ന് സ്മിത്ത് സമ്മതിക്കുകയുമുണ്ടായി. എന്നാൽ ഓസ്ട്രേലിയ അനധികൃത മാർഗ്ഗങ്ങളാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് ചേതേശ്വർ പൂജാര ആകാശ് ചോപ്രയുമായുള്ള സംഭാഷണത്തിൽ വ്യക്തമാക്കിയത്. ഡി.ആർ.എസ്. തീരുമാനങ്ങൾ എടുക്കുന്നതിൽ ഓസ്ട്രേലിയൻ താരങ്ങൾ കാണിച്ച കൃത്യതയിൽ തങ്ങൾക്ക് അന്നേ സംശയമുണ്ടായിരുന്നുവെന്നും, ഡ്രസ്സിങ് റൂമിലെ ടെലിവിഷൻ ഫീഡ് ഉപയോഗിച്ചാണ് അവർ തീരുമാനങ്ങൾ എടുത്തതെന്നും പൂജാര പറഞ്ഞു.
സാധാരണയായി ഡ്രസ്സിങ് റൂമിലെ ടെലിവിഷൻ സംപ്രേക്ഷണം അല്പം വൈകിയാണ് (ഡിലേ) എത്താറുള്ളതെങ്കിലും, അന്ന് അവർക്ക് ലൈവ് ഫീഡ് ലഭ്യമായിരുന്നുവെന്ന് പൂജാര തുറന്നടിച്ചു. ആരും കാണാതെ രഹസ്യമായി ഡ്രസ്സിങ് റൂമിലേക്ക് നോക്കി റിവ്യൂ എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുകയായിരുന്നു അവരുടെ പതിവെന്നും അദ്ദേഹം ആരോപിച്ചു. ഇത് തികച്ചും അനീതിയായിരുന്നുവെന്നും മറ്റേതെങ്കിലും ടീം ഇതുചെയ്തിരുന്നെങ്കിൽ വലിയ ഒച്ചപ്പാടുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കാൻ ഓസ്ട്രേലിയ അത്രയധികം ആഗ്രഹിച്ചിരുന്നുവെന്നും, 2012-ൽ ഇംഗ്ലണ്ടിന് ശേഷം ഇന്ത്യയെ സ്വന്തം നാട്ടിൽ വിറപ്പിച്ച ആദ്യ ടീം അവരായിരുന്നുവെന്നും പൂജാര ഓർമിച്ചു.
പരമ്പരയിലുടനീളം കളിക്കളത്തിൽ വലിയ തോതിലുള്ള വാഗ്വാദങ്ങളും സ്ലെഡ്ജിങ്ങും നടന്നിരുന്നുവെന്നും പൂജാര വെളിപ്പെടുത്തി. ക്യാമറകളുടെയും സ്റ്റമ്പ് മൈക്കിന്റെയും ശ്രദ്ധ എവിടെയാണെന്ന് നോക്കിയാണ് തങ്ങളും സ്ലെഡ്ജിങ് നടത്തിയിരുന്നതെന്നും, എന്നാൽ പലപ്പോഴും കാര്യങ്ങൾ വ്യക്തിപരമായ അക്രമണങ്ങളിലേക്ക് വഴിമാറാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കടുത്ത മത്സരച്ചൂടിൽ എതിരാളികൾ പ്രകോപിപ്പിക്കുമ്പോൾ തങ്ങളും തിരിച്ചടിക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്നും, ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങളിൽ പിന്നീട് അഭിമാനിക്കാൻ തോന്നിയിട്ടില്ലെന്നും പൂജാര കൂട്ടിച്ചേർത്തു.












