തിരുവനന്തപുരം: സർക്കാർ പാഠപുസ്തകത്തിലെ പ്രതിജ്ഞാ വാചകത്തിൽ ഗുരുതരമായ പാകപ്പിഴയെന്ന് ആരോപണം. ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളിലെയും ഇംഗ്ലീഷ് മീഡിയം പുസ്തകത്തിൽ ഭരണഘടന നിർദ്ദേശിച്ചിട്ടുള്ള പ്രതിജ്ഞ അല്ല അച്ചടിച്ചിരിക്കുന്നത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. 2021 നു ശേഷം അച്ചടിക്കപ്പെട്ട എല്ലാ പാഠപുസ്തകങ്ങളുടെയും ഇംഗ്ലീഷ് മീഡിയം പതിപ്പിൽ പ്രതിജ്ഞ ക്രമം തെറ്റിയ രീതിയിലാണ് അച്ചടിച്ചിരിക്കുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്.
ഹൈസ്കൂൾ ക്ലാസുകളിലെയും ഇതര സിലബസുകളിലെയും പുസ്തകങ്ങൾ പരിശോധിച്ചാൽ, സർക്കാർ പാഠപുസ്തകത്തിലെ പ്രതിജ്ഞയിൽ കടന്നുകൂടിയിരിക്കുന്ന പിഴവ് ഏവർക്കും ബോദ്ധ്യപ്പെടും. വാക്യഘടനയിലെ പിഴവ് പ്രകടമാണെന്ന് മാത്രമല്ല, വ്യാകരണപരമായുള്ള അരോചകത്വവും വ്യക്തമാണെന്നാണ് പറയപ്പെടുന്നത്.
ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ പ്രകാരം വാക്യശകലങ്ങളെ ഖണ്ഡിച്ചിരിക്കുന്നത് സാങ്കേതികമായി ശരിയാണെന്ന് വാദിക്കാമെങ്കിലും, ഭരണഘടനയിലെ പ്രതിജ്ഞ തിരുത്തി അച്ചടിക്കാനും അത് വിദ്യാർത്ഥികളിലേക്ക് എത്തിക്കാനുമുള്ള അധികാരം പാഠപുസ്തകം തയ്യാറാക്കിയവർക്കും പ്രതിജ്ഞ അതിൽ ഉൾപ്പെടുത്തിയവർക്കും ഉണ്ടോ എന്ന ചോദ്യം പലരും ഉന്നയിക്കുന്നു.
തെറ്റ് കണ്ടുപിടിച്ച ഒരു അദ്ധ്യാപക വിദ്യാർത്ഥി ഇക്കാര്യം എസ് സി ഇ ആർ ടിയെ അറിയിച്ചുവെങ്കിലും അവർ ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും വിഷയത്തിൽ തൃപ്തികരമായ മറുപടി നൽകിയില്ലെന്നും വിമർശനമുണ്ട്. .
Discussion about this post