കണ്ണൂർ: ഇന്ത്യൻ ഫുട്‌ബോളിലെ മലയാളി താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരമായ റെസ ഫർഹത്താണ് വധു. ഇന്ത്യയുടെ സാഫ് കപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചതിന് പിന്നാലെയാണ് മാംഗല്യം. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ രാഹുൽ കെ.പി, സച്ചിൻ സുരേഷ്, തുടങ്ങിയവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരങ്ങളായ സികെ വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരും വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു.ക്ലബ്ബിലെയും ഇന്ത്യൻ ടീമിലെയും സഹതാരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമായി സഹൽ പ്രത്യേകം വിവാഹസൽക്കാരം നടത്തുമെന്നാണ് സൂചന.
കഴിഞ്ഞ വർഷം ജൂലൈയിലാണ് സഹൽ അബ്ദുൽ സമദിന്റെയും റെസ ഫർഹത്തിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്. ‘എന്റെ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ഔദ്യോഗികമാക്കി’ എന്ന അടിക്കുറിപ്പോടെ സഹൽ അന്ന് വിവാഹ നിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴിസിന്റെ സുപ്രധാന താരങ്ങളിൽ ഒരാളായിരുന്നു സഹൽ. അതേസമയം അടുത്ത സീസണിൽ സഹൽ കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ് റിപ്പോർട്ടുകൾ. 2.5 കോടി രൂപ മുടക്കി, മോഹൻ ബഗാൻ സഹലിന് വേണ്ടി എത്തിയിരുന്നത്. അടുത്തയാഴ്ച തന്നെ താരവുമായി കരാർ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. സൗദി പ്രോ ലീഗിലേക്ക് പോകുമെന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായിരുന്നു.








