ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും റഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള നിർദ്ദേശത്തിന് അനുമതി നൽകി കേന്ദ്രപ്രതിരോധ മന്ത്രാലയം. നാവിക സേന സമർപ്പിച്ച നിർദ്ദേശത്തിനാണ് അനുമതി നൽകിയത്. 26 യുദ്ധ വിമാനങ്ങളും അന്തർവാഹനികളും വാങ്ങാനാണ് നാവിക സേന ഉദ്ദേശിക്കുന്നത്.
നിർദ്ദേശം ലഭിച്ചതിന് പിന്നാലെ ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഡിഫൻസ് അക്വുസിഷൻ കൗൺസിൽ യോഗം ചേർന്നിരുന്നു. ഇതിലാണ് അംഗീകാരം നൽകിയത്. പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശന വേളയിൽ കൂടിയാണ് പ്രതിരോധ മന്ത്രാലയം നിർണായക തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാവിക സേന കൂടുതൽ വിമാനങ്ങൾ വാങ്ങുന്നത്. ഇന്തോ പസഫിക് മേഖലയിൽ ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കാൻ നിലവിൽ കൂടുതൽ വിമാനങ്ങൾ അനിവാര്യമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് വിമാനങ്ങൾ വാങ്ങുന്നത്. ഈ വിമാനങ്ങൾ ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നിവയിൽ നിന്നാകും ഓപ്പറേറ്റ് ചെയ്യുക.
മൂന്ന് അന്തർവാഹിനികളാകും വാങ്ങുക. ഇവ മൂന്നും സ്‌കോർപീൻ ക്ലാസ് വിഭാഗത്തിൽപ്പെട്ടവയാണ്. ഏകദേശം 90,000 കോടിയാണ് ഇതിന് വേണ്ടി ചിലവിടുക എന്നാണ് വിവരം.









