കോട്ടയം: പുതിയ റബ്ബർ ബിൽ വാണിജ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും എന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. അഡീഷണൽ സെക്രട്ടറി അമർദീപ് സിംഗ് ഭാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റബ്ബർ ബോർഡ് ആസ്ഥാനത്ത് ഓഹരി ഉടമകളുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം യോഗം ചേർന്നിരുന്നു. ഇതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പുതിയ റബ്ബർ ബില്ലിൽ ആശങ്കകൾ ഏറെയാണ്. എന്നാൽ ബില്ലിനെക്കുറിച്ചും റബ്ബർ ബോർഡിന്റെ ഭാവിയെക്കുറിച്ചുമുള്ള ഇത്തരം ആശങ്കകളുടെ ആവശ്യമില്ല. ബോർഡിന്റെ പ്രവർത്തനങ്ങളെല്ലാം പഴയതുപോലെ തന്നെ തുടരും. ബിൽ കുറ്റമറ്റതാക്കുന്നതിനായി ഓഹരി ഉടമകളുമായി വാണിജ്യ മന്ത്രാലയം കൂടുതൽ ചർച്ചകൾ നടത്തി. പഴയ നിയമത്തിലെ കാലഹരണപ്പെട്ടതും ആവശ്യമില്ലാത്തതുമായ വ്യവസ്ഥകൾ നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. ഇത് റബ്ബർ ബോർഡിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. റബ്ബറിന്റെ കൃഷി, ഉൽപ്പാദനം, വിപണനം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള അന്തരീഷം പ്രദാനം ചെയ്യുന്നതിന് പുതിയ ബിൽ വഴി സാധിക്കും. അതിനാൽ പുതിയ ബില്ലിനെക്കുറിച്ച് കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഹരി ഉടമകൾ ഉന്നയിച്ച നിർദ്ദേശങ്ങളും സർക്കാർ അംഗീകരിച്ചതായി നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യുസേഴ്‌സ് സൊസൈറ്റീസ് ജനറൽ സെക്രട്ടറി ബാബു ജോസഫ് അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന റബ്ബറുകളുടെ ഗുണനിലവാരം സംബന്ധിച്ച നിബന്ധനങ്ങൾ ബില്ലിൽ ഏർപ്പെടുത്തും. ഇറക്കുമതിപ്പോലെ തന്നെ കയറ്റുമതിക്കും നിയമത്തിൽ വ്യവസ്ഥകൾ ഉണ്ട്. റബ്ബർ പ്രൊഡ്യുസേഴ്‌സ് സൊസൈറ്റീസിനെയും ബില്ലിൽ ഉൾപ്പെടുത്തുമെന്ന് ബാബു ജോസഫ് വ്യക്തമാക്കി. മന്ത്രാലയവുമായി നടത്തിയ ചർച്ചകൾ ഫലപ്രദവും വിജയകരവുമാണെന്ന് കർഷകരുടെ പ്രതിനിധികളും പ്രതികരിച്ചു. 1947 ലെ റബ്ബർ ആക്ടിനു പകരമായാണ് കേന്ദ്ര സർക്കാർ പുതിയ റബ്ബർ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.








