സച്ചിൻ ടെണ്ടുൽക്കറുടെ സമകാലികനും ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും വലിയ ബാറ്റിങ് വിസ്മയങ്ങളിൽ ഒരാളുമായിരുന്ന ധ്രുവ് മഹേന്ദർ പാണ്ഡോവ് എന്ന പ്രതിഭയുടെ ദാരുണമായ വിയോഗം ഇന്നും ക്രിക്കറ്റ് ലോകത്തിന് ഒരു നൊമ്പരമാണ്. തന്റെ പതിമൂന്നാം വയസ്സിൽ പഞ്ചാബിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി ചരിത്രമെഴുതിയ ധ്രുവ്, സച്ചിനേക്കാൾ ചെറിയ പ്രായത്തിൽ റെക്കോർഡുകൾ സ്വന്തമാക്കിയ ഒരു സൂപ്പർ താരമായിരുന്നു. സച്ചിൻ പതിനഞ്ചാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, ധ്രുവ് വെറും പതിമൂന്നാം വയസ്സിലാണ് ആ നേട്ടം സ്വന്തമാക്കിയത്.
കൂടാതെ പതിനാലാം വയസ്സിൽ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയും, രഞ്ജി ട്രോഫിയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ 1,000 റൺസ് തികച്ചും താരം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സച്ചിനോളം തന്നെ കഴിവും ആരാധകരുമുണ്ടായിരുന്ന ധ്രുവ് ഇന്ത്യൻ ദേശീയ ടീമിൽ ഇടംപിടിക്കാൻ ഏറെയടുത്തെത്തിയ സമയത്താണ് 1992 ജനുവരി 31-ന് അമ്പാലയിൽവെച്ച ഉണ്ടായ കാറപകടത്തിൽ ജീവൻ വെടിഞ്ഞത്. ഒഡീഷ്യയിൽ നടന്ന ദേവ്ധർ ട്രോഫി മത്സരത്തിന് ശേഷം അമ്പാലയിൽ തിരിച്ചെത്തിയ ധ്രുവ്, കനത്ത മൂടൽമഞ്ഞുള്ളതിനാൽ യാത്ര ഒഴിവാക്കണമെന്ന് മുൻ താരം ചേതൻ ശർമ്മ നൽകിയ മുന്നറിയിപ്പ് അവഗണിച്ചാണ് മാതാപിതാക്കളെ കാണാൻ പട്ട്യാലയിലേക്ക് ടാക്സിയിൽ പുറപ്പെട്ടത്.
എന്നാൽ ആ യാത്ര അദ്ദേഹത്തിന്റെ ജീവനെടുക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരനായ ധ്രുവ് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഈ വേർപാട് പാണ്ഡോവ് കുടുംബത്തെ കടുത്ത മാനസിക വേദനയിലാഴ്ത്തുകയും, അദ്ദേഹത്തിന്റെ ഇളയ സഹോദരനെ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് കുടുംബം വിലക്കുകയും ചെയ്തിരുന്നു. അനിൽ കുംബ്ലെ, വിക്രം റാത്തോർ, അജയ് ജഡേജ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ധ്രുവ് പാണ്ഡോവിന്റെ അസാധാരണമായ പ്രതിഭയെയും പോരാട്ടവീര്യത്തെയും പിൽക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്. ആ അപകടം നടന്നിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും, അന്ന് ആ ശോഭനമായ ഭാവി നഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ചിത്രം തന്നെ മറ്റൊന്നാകുമായിരുന്നു എന്ന് ആരാധകർ ഇന്നും വേദനയോടെ ഓർക്കുന്നു.












