ജമ്മു: ലോകസമാധാനത്തിനായി ബുദ്ധസന്യാസിമാർ നടത്തിയ 32 ദിവസത്തെ പദയാത്ര ലേയിൽ എത്തി. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നിന്നും കശ്മീരിലെ ലേ വരെയാണ് പദയാത്ര സംഘടിപ്പിച്ചത്.
നാനാത്വത്തിൽ ഏകത്വമെന്ന തത്വം പ്രതിഫലിപ്പിക്കുന്നതായിരുന്നു പദയാത്ര. രാജ്യത്തും ലോകത്തും സമാധാനവും സ്നേഹവും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജൂൺ 12 നാണ് ധർമ്മശാലയിൽ നിന്നും ധർമ്മപഥയാത്ര ആരംഭിച്ചത്.
തായ്ലൻഡിലെ ബുദ്ധ സന്യാസിമാരാണ് യാത്ര സംഘടിപ്പിച്ചത്. എൻഡിഎസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച പദയാത്ര ലേയിലെ ശാന്തി സ്തൂപത്തിലാണ് സമാപിച്ചത്. ആഗോള സമാധാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഇടപെടലുകളെയും പരിശ്രമങ്ങളെയും സന്യാസിമാർ പ്രശംസിച്ചു.
തായ്ലൻഡ്, നേപ്പാൾ, വിയറ്റ്നാം, ഭൂട്ടാൻ, ശ്രീലങ്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള ബുദ്ധ സന്യാസിമാരുൾപ്പെടെയാണ് പദയാത്രയിൽ പങ്കെടുത്തത്. ഇതര വിശ്വാസികളും സമുദായ സംഘടനാ നേതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ 2500 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയിലെ തായ്ലൻഡ് അംബാസഡറും യാത്രയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Discussion about this post