ചണ്ഡീഗഡ്: പഞ്ചാബിൽ തകർന്ന നിലയിൽ പാക് ഡ്രോൺ കണ്ടെത്തി ബിഎസ്എഫ്. താൻ തരൺ ജില്ലയിലെ മസ്ത്ഗഡ് ഗ്രാമത്തിലായിരുന്നു സംഭവം. ഇതിൽ ബിഎസ്എഫ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെയോടെയായിരുന്ന തകർന്ന നിലയിൽ ഡ്രോൺ കണ്ടത്. അതിർത്തി കടന്ന് ഡ്രോൺ എത്തിയതായി ബിഎസ്എഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു ബിഎസ്എഫ്. പരിശോധനയ്ക്കിടെ ആയിരുന്നു പാക് ഡ്രോൺ കണ്ടെത്തിയത്.
ആയുധമോ, മയക്കുമരുന്നോ ആയി അതിർത്തി കടന്ന ഡ്രാൺ ആയിരിക്കാം ഇതെന്നാണ് സംശയിക്കുന്നത്. ഖ്വാഡ്‌കോപ്റ്റർ ഡിജെഐ മാട്രിസ് 300 ആർടികെ മോഡൽ ഡ്രോണാണ് കണ്ടെടുത്തത് എന്ന് ബിഎസ്എഫ് വ്യക്തമാക്കി. തകർന്ന ഡ്രോണിൽ നിന്നും ആയുധങ്ങളോ മയക്കുമരുന്നോ കണ്ടെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി എത്തിയ പാക് ഡ്രോൺ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തകർന്ന നിലയിൽ ഡ്രോൺ കണ്ടെത്തുന്നത്. 2.35 കിലോ ഹെറോയിൻ ആയിരുന്നു ഡ്രോണിൽ നിന്നും പിടിച്ചെടുത്തത്.










