പട്‌ന : 40 അടി ആഴത്തിലുള്ള കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരനെ അതിസാഹസികമായി രക്ഷിച്ചു. എട്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെത്തിച്ചതിന്് പിന്നാലെ മെഡിക്കൽ സംഘം കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
നളന്ദ പോലീസ് സ്‌റ്റേഷൻ പരിധിയിൽ കുൽ എന്ന ഗ്രാമത്തിൽ നിന്നുള്ള ദൊമ്മൻ മാഞ്ചിയാണ് കുഴൽ കിണറിൽ അകപ്പട്ടത്. എട്ട് മണിക്കൂറോളം നേരം കിണറിനുളളിലെ ചെളിയിൽ കുട്ടി കുടുങ്ങിക്കിടക്കുകയായിരിന്നു. അതുകൊണ്ട് തന്നെ ആരോഗ്യസ്ഥിതി മോശമല്ലെങ്കിലും കുട്ടിയെ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്.
കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെയാണ് മൂന്ന് വയസുകാരൻ കുഴൽ കിണറിലേക്ക് വീണത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ജെസിബി എത്തിച്ച് തിരച്ചിൽ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ പുരോഗമിച്ചത്. കുഴൽ കിണറിനുള്ളിലേക്ക് കുട്ടിക്ക് ശ്വസിക്കാൻ ഓക്‌സിജൻ എത്തിച്ച് കൊടുത്തു. സിസിടിവി ക്യാമറകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ചു.

ദേശീയ ദുരന്ത നിവാരണ സംഘവും സംസ്ഥാന ദുരന്ത നിവാരണ സംഘവും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ശുഭാൻകറും മറ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തിന് എല്ലാ പിന്തുണയും നൽകി കൂടെനിന്നു. കുട്ടിയെ പുറത്തെത്തിച്ചതോടെ ആ നാട് മുഴുവൻ ആഹ്ലാദത്തിലായിരിക്കുകയാണ്.








