ഉത്തർപ്രദേശ് : വ്യോമസേനാ വിമാനത്തിന്റെ ഇന്ധന ടാങ്കുകളോട് സാമ്യമുള്ള രണ്ട് വസ്തുക്കൾ തിങ്കളാഴ്ച ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് കണ്ടെത്തി. ഉച്ചയ്ക്ക് 2.30ഓടെ ജിങ്കാൽ ബഞ്ചാരിയ ഗ്രാമത്തിന് സമീപം വിമാനത്തിന്റെ ഇന്ധന ടാങ്ക് വീണ വിവരം അറിഞ്ഞ് ആദ്യം നാട്ടുകാർ ഓടിയെത്തുകയായിരുന്നു. പിന്നീട് ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഖലീലാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബഞ്ചാരിയ ഗ്രാമത്തിലെ വയലിൽ കണ്ടെത്തിയ ഈ അജ്ഞാത വസ്തുക്കളെ കുറിച്ച് ഇന്ത്യൻ വ്യോമസേനയെ അറിയിച്ചതായി പോലീസ് സൂപ്രണ്ട് സത്യജിത് ഗുപ്ത അറിയിച്ചു. വ്യോമസേനാ സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തുമെന്നും അവർ പരിശോധിച്ച ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയലിൽ വീണ വിമാനത്തിന്റെ ഇന്ധന ടാങ്കുകൾ കാണാൻ നിരവധി ആളുകൾ ഇവിടെ എത്തുന്നതിനാൽ സംഭവസ്ഥലത്ത് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ജനവാസകേന്ദ്രത്തിൽ നിന്ന് മാറിയുള്ള വയലിലാണ് ഇവ വീണിരിക്കുന്നത് എന്നതിനാൽ മറ്റു നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എസ്പി സത്യജിത് ഗുപ്ത, എഎസ്പി സന്തോഷ് സിങ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജയപ്രകാശ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.








