ഷില്ലോങ്ങ് : മേഘാലയയിൽ നൂറുകണക്കിന് ആളുകൾ ചേർന്ന് മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ ഓഫീസ് വളയുകയും കല്ലെറിയുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ശീതകാല തലസ്ഥാനം തുറ എന്ന സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഗാരോ ഹിൽസ് ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ സംഘടിച്ചെത്തി ആക്രമണം നടത്തിയത്.
തുറയെ ശീതകാല തലസ്ഥാനം ആക്കണമെന്ന് ആവശ്യം ഉന്നയിച്ചെത്തിയ സംഘങ്ങളുമായി സാംഗ്മ കൂടിക്കാഴ്ച്ച നടത്തുന്നതിനിടെയാണ് ആക്രമണം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്തെ റോഡുകളിലേക്കുള്ള പ്രവേശനവും പ്രതിഷേധക്കാർ തടഞ്ഞു. കൂടുതൽ പോലീസ് സേന സ്ഥലത്തെത്തിയിട്ടുണ്ട് . നിലവിൽ
തുറയില്‍ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
തുറ നഗരത്തെ മേഘാലയ സംസ്ഥാനത്തിന്റെ ശൈത്യ കാല തലസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് എ.സി.എച്ച്.ഐ.കെ, ജി.എച്ച്.എസ്.എം.സി തുടങ്ങിയ ചില സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളിൽ നിരാഹാര സമരം നടത്തിയിരുന്നു. മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ ഇവരെ ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരോട് സംസാരിക്കുന്നതിനിടെയാണ് സാംഗ്മയെ ജനക്കൂട്ടത്തിലുണ്ടായിരുന്ന ചിലർ കല്ലെറിയാൻ തുടങ്ങിയത്. സാംഗ്മ സുരക്ഷിതൻ ആണെങ്കിലും സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ തുറയിലെ ഓഫീസിൽ നിന്നും അദ്ദേഹത്തിന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.








