ശ്രീനഗർ: ജമ്മു കശ്മീരിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ പാക് പൗരനെ വധിച്ച് സുരക്ഷാ സേന. സാമ്പാ മേഖലയിലെ രാംഗർഹിലായിരുന്നു സംഭവം. ഇയാൾ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണെന്നാണ് സൂചന.
ഇയാളുടെ മൃതദേഹത്തിനരികിൽ നിന്നും 4 കിലോഗ്രാമിലധികം വരുന്ന 4 പാക്കറ്റ് മയക്കുമരുന്ന് കണ്ടെത്തിയതായി സുരക്ഷ സേന അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സാമ്പാ മേഖലയിൽ സുരക്ഷ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ സുരക്ഷാ സേന ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
സാമ്പാ പ്രദേശത്തെ രാംഗർഹ് അതിർത്തി കടക്കാൻ ശ്രമിക്കവെയാണ് ഇയാളെ സുരക്ഷാ സേന വധിച്ചത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.









