കൊൽക്കത്ത : വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം 2025 ൽ ആരംഭിക്കും. ബംഗാൾ പ്ലാന്റിൽ ആയിരിക്കും സ്ലീപ്പർ ട്രെയിനുകളുടെ ഉൽപാദനം. 2025 ജൂൺ മുതൽ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡിന്റെ ഉത്തർപര പ്ലാന്റിലാണ് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കാനായി ആരംഭിക്കുന്നത്.
80 സെറ്റ് സെമി-ഹൈ സ്പീഡ് ട്രെയിനുകൾ ആയിരിക്കും ആദ്യഘട്ടത്തിൽ നിർമ്മിക്കുക. ഇതിനായി ടിആർഎസ്എല്ലിനെയും കൺസോർഷ്യം പങ്കാളിയായ ഭെല്ലിനെയും ഇന്ത്യൻ റെയിൽവേ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ഉൽപ്പാദനം ആരംഭിക്കാൻ ആവശ്യമായ പ്രത്യേക ലൈനുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉത്തർപര പ്ലാന്റിൽ സ്ഥാപിക്കുന്നതിനുള്ള പ്രക്രിയകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 650 കോടി രൂപയുടെ കാപെക്‌സിന്റെ ഒരു പ്രധാന ഭാഗവും ഇതിനായി തയ്യാറാക്കിയിട്ടുണ്ടെന്ന് ടിറ്റാഗഡ് വൈസ് ചെയർമാനും എംഡിയുമായ ഉമേഷ് ചൗധരി അറിയിച്ചു.
ആദ്യ എട്ട് ട്രെയിൻ സെറ്റുകൾ പൂർണമായും ഉത്തർപരയിൽ നിർമിക്കും. എന്നാൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ അവസാന അസംബ്ലിയും പരിശോധനയും കമ്മീഷൻ ചെയ്യലും ചെന്നൈയിലായിരിക്കും നടത്തുക എന്നും ഉമേഷ് ചൗധരി അറിയിച്ചു. ആറു വർഷത്തിനുള്ളിൽ നിർമ്മാണം പൂർണമായും നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ തന്നെ ആദ്യ മാതൃക പുറത്തിറക്കുമെന്നും ഉമേഷ് ചൗധരി വ്യക്തമാക്കി.
വന്ദേ ഭാരത് എക്‌സ്‌പ്രസ് സ്ലീപ്പർ ട്രെയിനുകൾ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകല്പന ചെയ്യുന്നത്. 887 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുള്ളതായിരിക്കും ഈ ട്രെയിനുകൾ. 16 ബോഗികളായിരിക്കും ഓരോ ട്രെയിനിലും ഉണ്ടായിരിക്കുക.
റെയിൽ വികാസ് നിഗം ലിമിറ്റഡും റഷ്യൻ കമ്പനിയായ ടിഎംഎച്ചും ചേർന്ന് 120 വന്ദേ ഭാരത് ട്രെയിനുകൾ കൂടി നിർമ്മിക്കാനുള്ള പദ്ധതിയുണ്ടെന്നും ടിറ്റാഗഡ് വൈസ് ചെയർമാനും എംഡിയുമായ ഉമേഷ് ചൗധരി അറിയിച്ചു.
Discussion about this post