തിരുവനന്തപുരം: ശബരിമലയില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗം വീര്‍പ്പുമുട്ടുന്നു. കാടിനുള്ളില്‍ ടെലികമ്യൂണിക്കേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മതിയായ ഉപകരണങ്ങള്‍ എത്തിക്കാനോ ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനോ അധികൃതര്‍ തയാറായിട്ടില്ല.
കഴിഞ്ഞ ദിവസം ടെലികമ്യൂണിക്കേഷന്‍ ആസ്ഥാനം ഡിവൈ.എസ്.പി (സി ആന്‍ഡ് ടി) നടത്തിയ മിന്നല്‍ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കൃത്യവിലോപം നടത്തുന്നതായും കണ്ടത്തെിയിരുന്നു. വണ്ടിപ്പെരിയാര്‍ സെക്ടറില്‍ എട്ടോളം ഉദ്യോഗസ്ഥര്‍ ജോലിക്കത്തെിയിരുന്നില്ല. പുല്ലുമേട് ഭാഗത്തേക്കുള്ള ഭക്തരെ നിയന്ത്രിക്കേണ്ടതും അവിടെനിന്നുള്ള വിവരങ്ങള്‍ കണ്ട്രോള് റൂമില്‍ എത്തിക്കേണ്ടതും വണ്ടിപ്പെരിയാര്‍ സെക്ടറില്‍നിന്നാണ്.
വനമേഖലയില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാത്തതിനാല്‍ ജോലിനോക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം ലക്ഷക്കണക്കിന് ഭക്തരത്തെുന്ന മകരവിളക്ക് മഹോത്സവത്തിന് ആഴ്ചകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വണ്ടിപ്പെരിയാര്‍ സെക്ടറിലെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പമ്പ, നിലക്കല്‍, സന്നിധാനം സെക്ടറുകളും പരിമിതികളുടെ പാരമ്യത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്കയിടങ്ങളിലും ആവശ്യമുള്ള അത്രയും സെക്കന്‍ഡറി ബാറ്ററി, ഹാന്‍ഡ്സെറ്റ്, ഏരിയല്‍ കേബിള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമല്ല. ശബരിമല സീസണില്‍ ഇവ മറ്റു ജില്ലകളില്‍നിന്ന് സംഘടിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന രീതിയാണ് ഏഴു വര്‍ഷമായി തുടരുന്നത്. പൊലീസ് ആധുനികവത്കരണത്തിന് കോടികള്‍ ചെലവഴിക്കുമ്പോഴും ശബരിമലയോടുള്ള അവഗണന തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. പുല്ലുമേട് ദുരന്തം നല്കിയ പാഠങ്ങള്‍ അവഗണിക്കുന്ന സര്‍ക്കാര്‍നിലപാട് ഗുരുതര സുരക്ഷാപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതായി ആക്ഷേപമുയരുന്നുണ്ട്.
Discussion about this post