ചെന്നൈ: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ( ഇസ്രോ) വാണിജ്യ ദൈത്യത്തിന്റെ ഭാഗമായ പിഎസ്എൽവി സി56 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.
സ്പേസ് സെന്ററിൽനിന്ന് സിംഗപ്പൂരിന്റെ ഡിഎസ്-എസ്എആർ ഉപഗ്രഹവും മറ്റ് 6 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.. 360 കിലോഗ്രാം ഭാരമുള്ള ഡിഎസ്-എസ്എആർ ഉപഗ്രഹത്തെ 535 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു ലക്ഷ്യം.
ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ സിംഗപ്പൂർ സർക്കാരിന്റെ വിവിധ ഏജൻസികൾ തന്ത്രപ്രധാന ആവശ്യങ്ങൾക്കുൾപ്പെടെ ഉപയോഗപ്പെടുത്തും. 23 കിലോഗ്രാം ഭാരമുള്ള ടെക്നോളജി ഡമോൺസ്ട്രേഷൻ മൈക്രോസാറ്റലൈറ്റായ വെലോക്സ് എഎം, പരീക്ഷണാത്മക ഉപഗ്രഹമായ അറ്റ്മോസ്ഫറിക് കപ്ലിങ് ആൻഡ് ഡൈനാമിക്സ് എക്സ്പ്ലോറർ, സ്കൂബ് 2, ന്യൂലിയോൺ, ഗലാസിയ 2, ഓർബ് 12 എന്നീ 6 ഉപഗ്രഹങ്ങളും പിഎസ്എൽവിയിൽ വിക്ഷേപിച്ചു.
വിക്ഷേപണം കഴിഞ്ഞ് ഇരുപത്തിയൊന്ന് മിനുട്ട് പിന്നിടുമ്പോഴായിരിക്കും പ്രധാന ഉപഗ്രഹമായ ഡിഎസ് സാർ റോക്കറ്റിൽ നിന്ന് വേർപ്പെടുക. ഇരുപത്തിനാല് മിനുട്ട് കഴിയുമ്പോഴേക്കും അവസാന ചെറു ഉപഗ്രഹവും വേർപ്പെടും. എത്ര തുകയ്ക്കാണ് വിക്ഷേപണ കരാർ ഏറ്റെടുത്തത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഏപ്രിൽ 19ന് പിഎസ്എൽവിയിൽ സിംഗപ്പൂരിന്റെ ടെലിയോസ്-2, ലുമെലൈറ്റ്-4 എന്നീ 2 ഉപഗ്രഹങ്ങൾ ഇസ്റോ വിക്ഷേപിച്ചിരുന്നു.
Discussion about this post