ടോറന്റോ : ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെളളം കുടിച്ച ടിക് ടോക്ക് താരം ആശുപത്രിയിൽ. 75 ഹാർഡ് എന്ന ചലഞ്ചിന്റെ ഭാഗമായാണ് മിഷേൽ ഫെയർബേൺ എന്ന യുവതി ഡയറ്റും വർക്ക് ഔട്ടും വെള്ളം കുടിയും ആരംഭിച്ചത്. എന്നാൽ അമിതമായി വെള്ളം ഉള്ളിൽ ചെന്നതോടെ ഇവരുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞു.
രണ്ട് നേരം വർക്ക് ഔട്ടും ഡയറ്റും പിന്തുടർന്ന ഇവർ ദിവസം നാല് ലിറ്റർ വെള്ളമാണ് കുടിച്ചത്. ദിവസവും 45 മിനിറ്റ് വർക്കൗട്ട് ചെയ്യണം, ഏതെങ്കിലും പുസ്തകത്തിന്റെ പത്ത് പേജ് വായിക്കണം. മദ്യവും കൊഴുപ്പേറിയ ഭക്ഷണങ്ങളും ഒഴിവാക്കിയുമുള്ള ഭക്ഷണക്രവും ചലഞ്ചിന്റെ ഭാഗമാണ്.
എന്നാൽ ചലഞ്ച് 12 ദിവസം പിന്നിട്ടപ്പോഴേക്കും മിഷേലിന്റെ ശാരീരിക സ്ഥിതി മോശമാകാൻ തുടങ്ങി. ക്ഷീണവും അവശതയുമായി. ഛർദ്ദിയും, ക്ഷീണവും, രാത്രി മുഴുവൻ ശുചിമുറിയിൽ പോകേണ്ട അവസ്ഥയും ഭക്ഷണം കഴിക്കാനാകാത്ത സാഹചര്യവും ഉണ്ടായി. ഇതോടെയാണ് ഇവർ ഡോക്ടറെ കാണാൻ തീരുമാനിച്ചത്.
വെള്ളം അമിതമായി ശരീരത്തിലെത്തിയതിനെ തുടർന്ന് സോഡിയത്തിന്റെ അളവ് കുറഞ്ഞതാണ് ഈ അവസ്ഥയ്ക്ക് കാരണം എന്ന് ഡോക്ടർമാർ പറഞ്ഞു. ദിവസവും അര ലിറ്ററിൽ കുറവ് വെള്ളം മാത്രം കുടിച്ചാൽ മതിയെന്നും നിർദ്ദേശിച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും തന്റെ വർക്ക് ഔട്ട് ചലഞ്ച് തുടരുമെന്നാണ് മിഷേൽ പറയുന്നത്.
Discussion about this post