ജമ്മു കശ്മീർ : കാശ്മീരിൽ നിന്നും കാണാതായ സൈനിക ജവാൻ ജാവൈദ് അഹമ്മദ് വാനിയെ കുൽഗാം പോലീസ് കണ്ടെത്തിയതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. സൈനികനെ വിശദമായ വൈദ്യ പരിശോധനകൾക്കായി അനന്തനാഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഡാക്ക് മേഖലയിൽ നിയമിതനായിരുന്ന സൈനികനെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കാണാതായത്.
ഞായറാഴ്ച ലഡാക്കിൽ ജോലിക്ക് പ്രവേശിക്കേണ്ട ജാവൈദ് അഹമ്മദ് വാനി ശനിയാഴ്ച വൈകുന്നേരം വീട്ടിൽ നിന്നും പുറത്തു പോയ ശേഷമായിരുന്നു കാണാതായത്. തുടർന്ന് ഇയാളുടെ കാർ പാരൻഹാളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ജമ്മു കശ്മീർ പോലീസ് വലിയ രീതിയിലുള്ള തിരച്ചിൽ ആരംഭിക്കുകയായിരുന്നു . പോലീസ് നിരവധി പേരെ ചോദ്യം ചെയ്യുകയും സൈനികന്റെ ഫോൺ കോളുകളുടെ വിശദാംശങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു.
കാണാതായ ആർമി ജവാനെ കുൽഗാം പോലീസ് കണ്ടെടുത്തതായി കശ്മീരിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ ആണ് അറിയിച്ചത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇയാളെ പോലീസും സൈന്യവും ചേർന്ന് സംയുക്ത ചോദ്യം ചെയ്യൽ ആരംഭിക്കും. കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുന്നതാണ് എന്നും എഡിജിപി വിജയ് കുമാർ അറിയിച്ചു. ജാവൈദ് അഹമ്മദ് വാനിയെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണോ എന്ന അഭ്യുഹങ്ങൾ നേരത്തെ നിലനിന്നിരുന്നു.
Discussion about this post