2011 ലെ ഏകദിന ലോകകപ്പ് ടീമിൽ യുവരാജ് സിംഗ് സ്വാഭാവികമായി തിരഞ്ഞെടുക്കപെടായിരുന്നില്ല എന്ന് മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കിർസ്റ്റൺ വെളിപ്പെടുത്തി. തിരഞ്ഞെടുക്കേണ്ട 15 പേരെ കുറിച്ച് ഒരു ചർച്ച നടന്നിരുന്നുവെന്നും താനും നായകൻ എംഎസ് ധോണിയും പരിചയസമ്പന്നനായ ഓൾറൗണ്ടറെ ഉൾപ്പെടുത്തുന്നതിനെ പിന്തുണച്ചിരുന്നുവെന്നും ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഓർമ്മിപ്പിച്ചു.
ധോണിയുടെ കീഴിൽ ഇന്ത്യ 2011 ലെ ഏകദിന ലോകകപ്പ് നേടി, 28 വർഷത്തെ വരൾച്ചയ്ക്ക് വിരാമമിട്ട് ഐസിസി ട്രോഫി ഉയർത്തി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 274-6 എന്ന സ്കോർ നേടിയപ്പോൾ 48.2 ഓവറിൽ ഇന്ത്യ വിജയിച്ചു. 362 റൺസ് നേടുകയും 15 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത യുവരാജിനെ ടൂർണമെന്റിലെ കളിക്കാരനായി തിരഞ്ഞെടുത്തു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച വൈറ്റ്-ബോൾ കളിക്കാരിൽ ഒരാളായി യുവരാജ് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, 2011 ലെ ലോകകപ്പ് ദേശീയ ടീമിലേക്കുള്ള അയാളുടെ തിരഞ്ഞെടുപ്പ് എളുപ്പമായിരുന്നില്ല എന്ന് കിർസ്റ്റൺ വെളിപ്പെടുത്തി. Rediff.com-ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ദൈവത്തിന് നന്ദി, ഞങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുത്തത് നല്ല തീരുമാനം ആയിരുന്നു. അദ്ദേഹം ടീമിലേക്ക് സ്വാഭാവിക സെലെക്ഷൻ ആയിരുന്നില്ല. എന്നാൽ അദ്ദേഹം ടീമിൽ വേണം എന്ന് ഞാനും ധോണിയും ആഗ്രഹിച്ചു. അവസാന 15 ലേക്കുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് എളുപ്പമായിരുന്നില്ല . എന്തായാലും ഞങ്ങൾ തന്നെ ആയിരുന്നു ശരി. എത്ര മനോഹരമായ ലോകകപ്പാണ് അവൻ കളിച്ചത്”
2011 ലെ ലോകകപ്പിന് തയ്യാറെടുക്കാൻ യുവരാജ് പാഡി അപ്ടണുമായി ചേർന്ന് പ്രവർത്തിച്ചുവെന്നും 57 കാരനായ അദ്ദേഹം വെളിപ്പെടുത്തി. മുൻ ഇന്ത്യൻ ഓൾറൗണ്ടറെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചുകൊണ്ട് കിർസ്റ്റൺ പറഞ്ഞു:
“എനിക്ക് യുവരാജിനെ എപ്പോഴും വളരെ ഇഷ്ടമായിരുന്നു. ഞങ്ങൾക്ക് ഇടയിൽ മികച്ച ബന്ധമുണ്ടായിരുന്നു. ചിലപ്പോൾ എന്നെ അദ്ദേഹം നിരാശനാക്കാറുണ്ടായിരുന്നു, പക്ഷേ ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു. അദ്ദേഹം നല്ലവനായിരുന്നു. അദ്ദേഹം എപ്പോഴും റൺസ് നേടണമെന്ന് ഞാൻ ആഗ്രഹിച്ചു. യുവരാജിന്റെ മികച്ച ലോകകപ്പിന് കാരണം പാഡി ആപ്റ്റൺ ആയിരുന്നു.”
എന്തായാലും ക്യാൻസറിനോട് പൊരുതി യുവി ലോകകപ്പ് ഹീറോ ആയതും പിന്നെ രോഗത്തെ പൊരുതി ജയിച്ച് മടങ്ങി എത്തിയതും ചരിത്രം.
Discussion about this post