ന്യൂഡൽഹി : നാലാമത് ഇന്ത്യ-കസാക്കിസ്ഥാൻ സുരക്ഷാ ചർച്ച അസ്താനയിൽ നടന്നു.
ഭീകരവാദം, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ചർച്ചയിൽ ധാരണയായി. പ്രതിരോധ ഇടപെടൽ വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനങ്ങളും ചർച്ചയിൽ കൈക്കൊണ്ടിട്ടുണ്ട്.
ഇന്ത്യ-കസാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ചയ്ക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്രി ആണ് നേതൃത്വം നൽകിയത്. കസാഖ് ടീമിനെ നയിച്ചത് കസാക്കിസ്ഥാൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി നൂർഷാൻ കാജിയാക്ബറോവ് ആയിരുന്നു.
കസാഖ് സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ഗിസാത് നൂർദൗലെറ്റോവിനെയും വിക്രം മിസ്രി സന്ദർശിച്ചു.
കസാക്കിസ്ഥാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കനത് തുമിഷുമായും ഡെപ്യൂട്ടി എൻഎസ്എ ചർച്ച നടത്തി. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രാദേശിക വിഷയങ്ങളും ചർച്ചയിൽ സൂചിപ്പിക്കപ്പെട്ടു. സൈബർ സുരക്ഷ, പ്രതിരോധ സഹകരണം, മയക്കുമരുന്ന് കടത്ത് നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സുരക്ഷാസഹകരണം കൂടുതൽ വർദ്ധിപ്പിക്കാൻ ഉഭയകക്ഷി ചർച്ചയിൽ ധാരണയായി.
Discussion about this post