വിശ്വാസത്തിന്റെ രണ്ടു തീകൾ
‘ഇരുട്ടിൽ’ നിന്നു കൊണ്ട് ഏതു കുരുടനാണ് ‘വെളിച്ച’ത്തെ വിമർശിക്കുന്നത്?
എത്ര പേരിത് വായിച്ച് പൂർത്തിയാക്കും എന്നറിയില്ല…! വിശ്വാസത്തെ പുണർന്ന് ശാസ്ത്രീയമായി ജീവിച്ച നമ്മുടെ പൂർവികർക്കുള്ള ശ്രാദ്ധമാണിത്.
തീയാണ് നമ്മെ വെളിച്ചത്തിലേക്ക് നയിച്ചത്. അരണിയുരച്ച് ‘അങ്ഗിരസ്’ അഗ്‌നി ജ്വലിപ്പിക്കുന്നതിന്റെ വെളിച്ചം വേദങ്ങളിൽക്കാണാം. ശാസ്ത്രം തുടങ്ങുന്നത് ആ തീയിൽ നിന്നുമാണ്. അത് വിശ്വമാകെ കത്തിപ്പടർന്നെരിഞ്ഞതിന്റെ വെളിച്ചമാണ് ‘സംസ്‌കാരം’ എന്നു കേൾക്കുന്നത്. അഥർവ്വവേദത്തിലെ ആയിരത്തി ഇരുനൂറ്റി പതിനാറ് മന്ത്രങ്ങളുടെ ഋഷിയായിരുന്നു അങ്ഗിരസ് എന്ന അഥർവ്വൻ . കനൽക്കട്ട ‘അങ്ഗാരം’ എന്നറിയപ്പെടുന്നതും അതു കൊണ്ടാണ്. ‘കനൽ ഒരു തരി മതി’ എന്നു വീമ്പു പറയാൻ കാരണക്കാരനും ഈ അങ്ഗിരസ് തന്നെ! ഋഷിയായിരുന്നു എന്നത് തീ കണ്ടുപിടിക്കുന്നതിൽ നിന്നും അങ്ഗിരസ്സിനെ തടഞ്ഞില്ല !
കാലത്തിന്റെ സ്വഭാവമനുസരിച്ച് എല്ലാത്തിനെയും ശാസ്ത്രമാക്കാൻ ഇച്ഛിച്ചവരുടെ നാടാണിത്. അതുകൊണ്ടാണ് ഭാഷ ‘ലോകനാഥനായ മഹേശ്വരന്റെ ഉടുക്കുണർന്ന ശബദ’മാണ് എന്ന് വിശ്വസിച്ചുകൊണ്ട് അവിടെ നിന്നും മുന്നോട്ടു നടന്ന് അതിന് വ്യാകരണം ചമച്ച്, അതിനെ ഭാഷാശാസ്ത്രമാക്കിയത്. പാണിനി നമുക്ക് ഋഷിയും പടിഞ്ഞാറിന്റെ ശാസ്ത്ര ബോധത്തിന് ആരാധ്യനായ ഭാഷാശാസ്ത്രജ്‌നും ആകുന്നതങ്ങനെയാണ്. ഭർതൃഹരിയുടെ സ്‌ഫോടവാദം ഭാഷാശാസ്ത്രത്തെയാകെ ഇന്നും അമ്പരപ്പിക്കുന്നത് അതിലുള്ള വിശ്വാസമല്ല ശാസ്ത്ര ബോധം കൊണ്ടാണ്. ശിവന്റെ ഉടുക്കുലഞ്ഞ താളമാണ് സംസ്‌കൃതം എന്ന വിശ്വാസം അതിനെ വേദവും വേദാന്തവും വ്യാകരണവും ഇതിഹാസങ്ങളും പുരാണങ്ങളുംമഹാകാവ്യങ്ങളും പിറന്ന ഭാഷാ സമുദ്രമായി വളരുന്നതിനെ തടസ്സപ്പെടുത്തിയില്ല.
ജോർജിയൻ ഗ്രിഗോറിയൻ കലണ്ടറുകൾക്കും മുന്നേ കാലഗണന തുടങ്ങുന്നത് , ജ്യോതിർഗോളങ്ങളെ സ്ഥാനം നിർണയം ചെയ്ത് അടയാളപ്പെടുത്തുന്നത് ദീർഘതമസ്സാണ്. വേദത്തിനോളം പഴക്കമുണ്ട് ആ കാലത്തിന്. ‘ദീർഘതമാ’ എന്ന വേദ മന്ത്രത്തെ ഉപാസിച്ചു പോയകൊണ്ട് കാലത്തിന്റെ കണക്കുകൾ ശാസ്ത്രീയമാക്കുന്നതിൽ ദീർഘതമസ്സിനോ വരാഹമിഹിരനോ തടസ്സമുണ്ടായില്ല.
ജലഘടികാരങ്ങൾ സമയം കുറിക്കുന്നത് ഭാസ്‌കാരാചാര്യരുടെ കാലത്തും നാം കണ്ടു; ലീലാവതി ഒരു ദു:ഖ കാവ്യമാകുന്നതും! വിശ്വാസി ആയിരുന്നിട്ടും ഗണിതത്തെ പിഴവില്ലാത്ത ശാസ്ത്രമാക്കുന്നതിന് ആ വിശ്വാസം ഭാസ്‌കരാചാര്യരെ തടസ്സപ്പെടുത്തിയില്ല. അങ്ങനെയാണ് ഇവിടെ ശാസ്ത്രങ്ങൾക്കിടയിൽ ‘ഗണിതം മൂർദ്ധനി സ്ഥിതം’ ആയത്.
ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴുന്നതിനു മുന്നെയാണ് ‘ആകൃഷ്ട ശക്തിങ്ച മഹി മഹീതാൽ സ്വസ്ഥം ഗുരും സ്വാഭിമുഖം സ്വശക്ത്യാ’ എന്ന് ആര്യഭടൻ എഴുതിയത്; ‘ഭൂമി അതിനു നേരെ വരുന്നവയെ ആകർഷിക്കുന്നു’ എന്ന്. ഭൂഗോളം എന്തെന്നും, വൃത്തപരിധിയും പൈയ്യും എന്തെന്നും ലോകത്തെ പഠിപ്പിച്ചത് അദ്ദേഹമാണ്. ‘ബ്രഹ്‌മാണ്ഡം’ ‘ഭൂഗോളം’ എന്നീ വാക്കുകൾ ‘മഗല്ലൻ’ അവിടെ ജനിക്കും മുന്നെ ഇവിടെ ജനിക്കാൻ ഒരു വിശ്വാസവും തടസ്സം നിന്നില്ല. ഒരു വാക്ക് വെറുതെ ജനിക്കുമെന്നു തോന്നുന്നത് വാക്കിനു വിലയില്ലാത്തവർക്കു മാത്രമാണ്. ‘ശാസ്ത്രം’ പറഞ്ഞുനടക്കുന്നവരുടെ വിശുദ്ധ പുസ്തകത്തിൽ ഭൂമി ഇപ്പോഴും പലകപ്പരുവത്തിലാണ്!
‘ശരീരത്തിന്റെ ഭിന്നാവയവങ്ങളിൽ ഭിന്ന ശക്തികൾ സഞ്ചരിച്ച് ഇന്ദ്രിയങ്ങളെ, പേശികളെ, രക്തചംക്രമണത്തെ, വിസർജനത്തെ നിയന്ത്രിക്കുന്നു’ എന്ന് പഠിപ്പിച്ചത് അയ്യായിരം വർഷമെങ്കിലും മുന്നെ മഹാഗുരുവായ ‘പിപ്പലാദനാ’ണ്. പഠിപ്പിക്കുവാൻ ആവശ്യപ്പെട്ട ശിഷ്യനോട് പത്തു പശുക്കൾ ആയിരം ആകുമ്പോൾ മടങ്ങി വന്നു ചോദിക്കൂ പറയാം എന്നു പറഞ്ഞ് വനത്തിലയച്ച ഗുരുവായിരുന്നു പിപ്പലാദൻ. ശ്വേതകേതുവിന്റെ പശുക്കളോടൊത്തുള്ള പ്രകൃതി പാഠമായിരുന്നു ആദ്യത്തെ ഗവേഷണം. ഗോവിനെ പിന്തുടർന്നാണ് ഗവേഷണം! ആ വാക്ക് ജനിക്കുന്നത് അങ്ങനെയാണ്. ഗവേഷണമേ ഇല്ലാതെ ഡോക്ടേറ്റ് എടുക്കുന്നവർക്ക് പിപ്പലാദനോടും അദ്ദേഹത്തിന്റെ ഗവേഷണ ശാസ്ത്രത്തോടും പുച്ഛം സ്വാഭാവികമാണ്. വിശ്വാസം പിപ്പലാദനെ വിദ്യാഭ്യാസ ശാസ്ത്രത്തിൽ നിന്ന് തടഞ്ഞില്ല.
ഡാവിഞ്ചിക്കും, റൈറ്റ് സഹോദരൻമാർക്കും മുന്നേ രാമായണത്തിന്റെ ആകാശത്തിലെ പുഷ്പകവിമാനം മാത്രമായിരുന്നില്ല ഇവിടെ ഉണ്ടായിരുന്നത്. മുനിയായ ഭരദ്വാജനെഴുതിയ ‘യന്ത്രസർവ്വസ്വം’ ഉണ്ടായിരുന്നു. അതിലായിരുന്നു ‘വൈമാനിക പ്രകരണം’. ഇന്നും ആകാശയാനം ‘വിമാനം’ എന്നറിയപ്പെടുന്നത് ആ വാക്കിന്റെ ബലത്തിലാണ്. മുനിയായതു കൊണ്ട് യന്ത്രങ്ങളെ പറ്റി ചിന്തിക്കുന്നതിൽ നിന്ന് വിശ്വാസം ഭരദ്വാജനെ തടസ്സപ്പെടുത്തിയില്ല. ഭോജന്റെ ‘സമരാങ്കണ സൂത്രധാര’ത്തിൽ ഉള്ളിൽ രാസയന്ത്രം ഘടിപ്പിച്ച മഹാവിഹംഗത്തിന്റെ വിവരണമുണ്ട്. വിശ്വാസത്തിനോടല്ല പരീക്ഷണ നിരീക്ഷണങ്ങളുടെ ശാസ്ത്രത്തിനാണ് അതിനു ചേർച്ച.
‘ആരോഗ്യകരമായ ജീവിതം’ ഇവിടെ വെറും വിശ്വാസം മാത്രമായിരുന്നില്ല.
‘പശ്യേമ ശരദ: ശതം’ എന്നും ‘ജിവേമ ശരദ: ശതം’ എന്നും നൂറു വർഷം കേടുകൂടാത്ത കണ്ണിനും നൂറു വർഷം ആരോഗ്യമുള്ള ശരീരത്തിനും വേണ്ടി പ്രാർത്ഥിച്ചതു കൊണ്ടാണ് ഇവിടെ ശുശ്രുതനും ചരകനും ധന്വന്തരിയും വാഗ്ഭടനും ഉണ്ടായത്! സർജറിയും വാക്‌സിനേഷനും സന്യാസിമാരായ രണ്ടു വൈദ്യൻമാരുടെ പേരിലാക്കിയത് നമ്മൾ മാത്രമല്ല പാശ്ചാത്യർ കൂടിയാണ്. അതുകൊണ്ടാണ് ചരകന്റെയും ശുശ്രുതന്റെയും പ്രതിമകൾ വിദേശ യൂണിവേഴ്‌സിറ്റികളുടെ മുറ്റത്തിരിക്കുന്നത്. വിശ്വാസം ശുശ്രുതനെ ചികിത്സയുടെ ശസ്ത്രത്തിൽ നിന്നും വിലക്കിയില്ല. സ്വപ്നവും സുഷുപ്തിയും ജാഗ്രത്തും കടന്ന് തുരീയം കൂടി വളർന്നതായിരുന്നു സഹസ്രാബ്ദൾക്കു മുന്നേ ഇവിടെ ബോധത്തിന്റെ അതിരുകൾ. വിശ്വാസത്തിന്റെ വേരുകൾ മനസ്സിന്റെ ശാസ്ത്രീയ നിരീക്ഷണത്തെ ഇവിടെ ഉയരാനാവാത്തവിധം പിടിച്ചു നിർത്തിയതേയില്ല.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
‘സംഗീതവും സാഹിത്യവും സരസ്വതിയുടെ രണ്ടു മുലകളാണെ’ന്നു വിശ്വസിച്ചു പോയത് ഇവിടെ അതു രണ്ടിന്റെയും വളർച്ചയെ തടഞ്ഞില്ല. ലോകം കാടുപിടിച്ചു കിടന്ന കാട്ടാള നീതിയുടെ കാലത്താണ് ഇവിടെ ‘കാടിനുള്ളിൽ നിന്നും കവിത’ കേട്ടത്. ആദികാവ്യത്തിൽ തുടങ്ങിയ അത് അനന്തമായ വാണിയായി ഇന്നും പ്രവഹിക്കുകയാണ്. നാരദന്റെ നാദരൂപിണിയായ വീണ ശബ്ദത്തിന്റെ ശാസ്ത്രമായി ,സംഗീതമായി ശാസ്ത്രീയ സംഗീതമായി! ഉടുക്കിൽ നിന്നു ഭാഷയും വീണയിൽ നിന്ന് സംഗീതവും ജനിച്ചു എന്നു വിശ്വസിച്ചവർ അവയെ ശാസ്ത്രീയമായി സമീപിക്കുന്നതിൽ മടി കാണിച്ചില്ല. അവരുടെ വിശ്വാസം ‘ഒരു പുസ്തകം ഒഴികെ ബാക്കിയൊക്കെ അബദ്ധമാണ്’ എന്നു പഠിപ്പിച്ചില്ല. സംഗീതം വഴി പിഴപ്പിക്കും എന്നു പ്രചരിപ്പിച്ചില്ല സംഗീതോപകരണങ്ങൾക്ക് തീ വെയ്ക്കാൻ പറഞ്ഞില്ല. ഇവിടെ വിശ്വാസം എവിടെയും ശാസ്ത്രത്തെ തടഞ്ഞില്ല.
ദില്ലിയിലെ തുരുമ്പെടുക്കാത്ത ഇരുമ്പു തൂണുകൾ മാത്രമല്ല, ചോളന്മാരുടെ ഉരുക്കും വിശ്വാസം ശാസ്ത്രത്തെ തടസ്സപ്പെടുത്തിയില്ല എന്നു തെളിയിക്കുന്ന ചരിത്രമാണ്. ഇരുമ്പു മാത്രമല്ല ആദ്യമായി സ്വർണ്ണം കുഴിച്ചെടുത്തതും നമ്മുടെ ശാസ്ത്രവും വിശ്വാസവും കൂടിയായിരുന്നു. നാടും കാടും മാത്രമല്ല നഗരങ്ങളുമുണ്ടായിരുന്ന രാജ്യമാണിത്. അയോധ്യ, മഥുര, മായ, കാശി, കാന്തി, അവന്തിക, പ്രയാഗ, പാടലിപുത്രം, വിജയനഗരം എന്നിങ്ങനെ മാഹനഗരങ്ങളുടെ പട്ടിക നീണ്ടു പോകുന്നു. ശാസ്ത്ര രഹിതമായ വിശ്വാസം കൊണ്ടു മാത്രം നഗരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഏതു വിഡ്ഢിയാണ് വിശ്വസിക്കുക ?!
ആയിരത്തി ഇരുനൂറു വർഷം നിലനിന്ന് ഒടുവിൽ ‘ശാസ്ത്ര ബോധം’ കൂടിയ അക്ഷരവിരോധികൾ അഗ്‌നിക്കിരയാക്കിയ തക്ഷശിലയിലാണ് ‘രാജനീതി’യെ വിശ്വാസത്തെ കടന്ന ശാസ്ത്രമാക്കിയ വിശ്വാസിയായ ‘കൗടില്യൻ’ പഠിപ്പിച്ചത്. പൊളിറ്റിക്‌സ് പൊളിറ്റിക്കൽ സയൻസ് ആവുന്നത് അവിടെയാണ്. ഈ രാജ്യത്തിൽ തകർക്കപ്പെട്ടതിനും എരിക്കപ്പെട്ടതിനും ശേഷം ബാക്കിയായ മഹാ നിർമിതികൾ അംഗഭംഗം വന്നു പോയ ശില്പചാരുതകൾ ഗുഹാ ക്ഷേത്രങ്ങൾ ഒക്കെയും നിശബ്ദരായി പറയുന്നത് വിശ്വാസവും ശാസ്ത്രവുമായുള്ള ബന്ധമാണ്. ഇവിടെ പ്രതിമകൾ തകർക്കുന്നതല്ല നിർമ്മിക്കുന്നതാണ്, അതിനുള്ള ശാസ്ത്രജ്ഞാനം നേടലാണ് വിശ്വാസം. പുറത്തുള്ളതിലേറെ വിശ്വാസവും ചരിത്രവും ശാസ്ത്രവും മണ്ണിനടിയിലായിപ്പോയ ഒരു നാടാണിത്. പുരാവസ്തു ഖനനങ്ങളെ ഭയന്ന് ചിലരെങ്കിലും കോടതി കയറുന്നത് അതുകൊണ്ടാണ്.
രതിരഹസ്യങ്ങൾ ശാസ്ത്രമാക്കാൻ മുനിയെ വിശ്വാസം തടയാത്ത രാജ്യമാണിത്. ‘യുദ്ധവിധവകൾക്കുമേലുള്ള താണ്ഡവ താള’മാണ് രതി എന്ന വിശ്വാസം ആയിരുന്നില്ല ഇവിടെ. കലയുടെ രീതിശാസ്ത്രം കൊണ്ടാണതിനെ മുനി കാമശാസ്ത്രമാക്കിയത്. വിശ്വാസത്തിന്റെ ക്ഷേത്രഭിത്തിയിൽ കാമ ശാസ്ത്രം കൊത്തിവച്ച നാട്. ലോകം ഇലകൊണ്ടു നഗ്‌നത മറച്ചു നടന്ന കാലത്താണ് ഒരു മുളം തണ്ടിന്റെയുള്ളിൽ നിന്നും പുടവച്ചുരുൾ അഴിഞ്ഞു നിവർന്ന് പെണ്ണുടലിന്റെ മാനം കാത്തത്. വിശ്വാസം പട്ട് കുപ്പായപ്പുടവ നെയ്യുന്നതിൽ നിന്നും ശാസ്ത്രത്തെ തടസ്സപ്പെടുത്തിയില്ല. അതിന്റെ തുടർച്ചയാണ് ബ്രിട്ടീഷുകാരൻ പെരുവിരൽ വെട്ടിയ നെയ്ത്തു ഗ്രാമങ്ങൾ .
വിശ്വാസവും ശാസ്ത്രവും പരസ്പരം യുദ്ധം ചെയ്യുന്നത് ഇവിടെയല്ല. ആരാന്റെ പാപത്തിന് എന്റെയമ്മയല്ല പഴി കേൾക്കേണ്ടത്. സന്ന്യാസിയായ സായണന്റെ അതീന്ദ്രയ ബോധമാണ് പ്രകാശപ്രവേഗത്തെ ‘നിമിഷാർദ്ധത്തിൽ 2022 യോജന കടക്കുന്ന ദേവൻ’ എന്നടയാളപ്പെടുത്തിയത്. ആധുനികവുമായി അത് പൊറുക്കപ്പെടാവുന്ന അകലമേ പാലിക്കുന്നുള്ളൂ. വിശ്വാസം സായണനെ പ്രകാശ പ്രവേഗത്തിനൊപ്പം സഞ്ചരിക്കുന്നതിൽ നിന്ന് വിലക്കിയില്ല !
മഴയ്ക്കായി ഇന്ദ്രനോടു പ്രാർത്ഥിച്ചവന്റെ കൃഷി ശാസ്ത്രബോധമാണ് ‘കൃഷി പരാശര:’എന്ന സംസ്‌കൃത ഗ്രന്ഥം. ‘അഗ്‌നിപുരാണം’ വിശ്വാസപരമായിരിക്കാം, എന്നാൽ അതിലെ ‘വൃക്ഷായുർവേദം’ ശാസ്ത്ര ബന്ധിയാണ്. മൃഗങ്ങളെ വിശ്വാസികളായി തൊഴുതു വണങ്ങി നിന്ന് ആരാധിക്കുമ്പോഴും അവർക്കായി ശാസ്ത്രത്തിന്റെ വഴിയെ നടക്കാനും മറന്നില്ല അങ്ങനെയാണ് ‘ഗജശാസ്ത്രവും’ ‘മാതംഗലീല’യും ‘പക്ഷിശാസ്ത’വും ‘അശ്വഹൃദയ’വും ഒക്കെ പിറക്കുന്നത്.
കള്ളൻമാർക്കു പോലും ശാസ്ത്രം വിധിച്ച വിശ്വാസത്തിന്റെ നാടാണിത് ‘ചോര ശാസ്ത്രം’ പോലും ഇവിടുണ്ടായിരുന്നു. ഗണപതി ഈശ്വരനാണ് കെട്ടുകഥയല്ല എന്നു വിശ്വസിച്ചവരുടെ ശാസ്ത്ര ബോധം വരുത്തിയ ലക്ഷം നേട്ടങ്ങളിൽ വിരൽ മടക്കിയെണ്ണിയ ചിലതു മാത്രമാണിതെല്ലാം !
വിശ്വാസം ശാസ്ത്രവുമായി വഴക്കിട്ടതും യുദ്ധം ചെയ്തതും സിന്ധു നദിയുടെ അങ്ങേക്കരയ്ക്ക് അപ്പുറത്തു വച്ചായിരുന്നു.
ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതിന്, സൂര്യനാണ് കേന്ദ്രം എന്നു പറഞ്ഞതിന്, ചന്ദ്രനെ ആരും പിളർത്തിയിട്ടില്ല എന്നു പറഞ്ഞതിന് മനുഷ്യൻ ജീവനോടെ ചുട്ടെരിക്കപ്പെട്ടതും വെട്ടി മുറിക്കപ്പെട്ടതും അവിടെ വച്ചാണ്. പ്രതിമകൾ മതനിഷേധമാകകൊണ്ട് ഉടയ്ക്കപ്പെട്ടത്, സംഗീതം നിരോധിക്കുകയും സംഗീതോപകരണങ്ങൾ എരിക്കപ്പെടുകയും ചെയ്തത് , ചിരിനിഷേധിച്ച് കഴുത്തറക്കപ്പെടുന്നത് ഒക്കെയും സിന്ധുവിന്റെ അക്കരെയാണ്.
വിശ്വാസത്തെ നിഷേധിച്ചു കൊണ്ടല്ലാതെ ശാസ്ത്രം വളരാത്തതും അവിടെ മാത്രമാണ്. ഇവിടെ വിശ്വാസം വളർത്തിയെടുത്ത ശാസ്ത്രമാണുളളത്. ഒരു നെയ്‌ത്തേങ്ങയിലുള്ള വിശ്വാസവും ശാസ്ത്രത്തിലുള്ള അറിവും കൂടിച്ചേർന്നാണ് ഇവിടെ റോക്കറ്റുകളെ ശൂന്യാകാശത്തെത്തിക്കുന്നത്. പാത്രം കൊട്ടുകയും ദീപം ജ്വലിപ്പിക്കുകയും ചെയ്തു കൊണ്ടു തന്നെയാണ് ആദ്യം വാക്‌സിൻ കണ്ടുപിടിക്കുന്നത്. ‘വിശ്വാസികളോടുള്ള ശാസ്ത്ര ക്ലാസ്’ ഇവിടെ അനാവശ്യമായ ഒരശ്ലീലമാകുന്നത് അതുകൊണ്ടാണ്.
കഴുത്തിന് നേരെ വരാൻ ഒരുങ്ങി നിൽക്കുന്ന വാളിനെ നോക്കി ചിരിച്ചു കൊണ്ടാണ് എന്റെ ദൈവം തൂണിലും തുരുമ്പിലുമുണ്ട് എന്ന് പ്രഹ്‌ളാദൻ എന്ന ആ ബാലൻ ഉറപ്പിച്ചു പറഞ്ഞത്. മരണത്തെ അവഗണിക്കുന്ന ആ ധീരതയാണ് ഇവിടെ വിശ്വാസം. ഊരിപ്പിടിച്ച ഏതു വാൾ വന്നാലും വിശ്വാസി പ്രഹ്‌ളാദനാകും; അവന്റെ ദൈവം നരസിംഹവും!
NB: രണ്ടു ചിത്രങ്ങളാണ് അടിയിൽ …വിശ്വാസത്തിന്റെ തീകൾ ! രണ്ടും ഒന്നാണെന്നു തോന്നുന്നവന് ഭ്രാന്തല്ലാതെ ഒന്നുമല്ല !
Discussion about this post