ശ്രീനഗർ: ജമ്മു കശ്മീരിൽ 13.50 ലക്ഷം പേർ മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട്. അതായത്, കേന്ദ്രഭരണ പ്രദേശത്തെ 10.8 ശതമാനം ജനസംഖ്യ മയക്കുമരുന്നിന് അടിമയാണെന്നാണ് വിവരം. ഇവരിൽ ഭൂരിഭാഗവും 18 നും 75 നും ഇടയിൽ പ്രായമുള്ളവരാണെന്നും പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോക്സഭയിലെയും രാജ്യസഭയിലെയും 27 അംഗങ്ങൾ ഉൾപ്പെടുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ഇരുസഭകളിലും റിപ്പോർട്ട് അവതരിപ്പിച്ചു. 10-17 വയസ്സിനിടയിലുള്ള 1,68,700 കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിൽ കണക്കാക്കുന്നു. ഇവരിൽ 8000 പേർ കഞ്ചാവ്, 95000 പേർ ഒപിയോയിഡുകൾ, 19000 പേർ സെഡേറ്റീവുകൾ, 100 പേർ കൊക്കെയ്ൻ, 400 പേർ എടിഎസ്, 46000 പേർ ഇൻഹെലെന്റുകൾ, 200 പേർ ഹാലുസിനോജൻ എന്നിവയാണ് ഉപയോഗിക്കുന്നത്.
ജമ്മു കശ്മീരിൽ 18-75 വയസ് വരെ പ്രായമുള്ള 11,80,000 മുതിർന്നവർ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അവരിൽ ഭൂരിഭാഗവും 4.47 ലക്ഷം ഒപിയോയിഡിന് അടിമകളും 3.54 ലക്ഷം പേർ മദ്യപാനികളും 1.51 ലക്ഷം പേർ മയക്കമരുന്നുകൾക്ക് അടിമകളും 1.36 ലക്ഷം പേർ കഞ്ചാവ് ഉപയോഗിക്കുന്നവരും 89000 പേർ ഇൻഹെലെന്റുകളും ഉപയോഗിക്കുന്നവരും, 1000 പേർ കൊക്കെയ്ൻ, എന്നിവയ്ക്ക് അടിമകളുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട് അനുസരിച്ച്, ജമ്മു കശ്മീരിൽ മൊത്തം 13,48,700 പേർ മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നവരാണ്. 2018-ൽ പുറത്തിറക്കിയ ജനസംഖ്യയ കണക്കുകൾ പ്രകാരമാണ് ഈ റിപ്പോർട്ട്. അതിനാൽ മയക്കുമരുന്നിന് അടിമയായവരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്നാണ് വിവരം.
അഫ്ഗാനിസ്ഥാൻ, നേപ്പാൾ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മയക്കുമരുന്ന് വിതരണമാണ് ജമ്മു കശ്മീരിലെ ഈ സ്ഥിതിക്ക് കാരണം. അതിനാൽ അയൽ രാജ്യങ്ങളിൽ നിന്ന് ഡ്രോണുകളും മറ്റും വഴി രാജ്യത്തേക്ക് മയക്കുമരുന്ന് എത്താതിരിക്കാൻ കൂടുതൽ ശ്രദ്ധചെലുത്തണം എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
Discussion about this post