മുംബൈ: മുംബൈയിൽ ലോക്കൽ ട്രെയിനുകൾക്കുള്ളിൽ സ്ഫോടന പരമ്പര നടക്കുമെന്ന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് അജ്ഞാതൻ മുംബൈ പോലീസിന് ഭീഷണി സന്ദേശം നൽകിയത്. താൻ ട്രെയിനുകൾക്കുള്ളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് അജ്ഞാതൻ പോലീസിനെ അറിയിച്ചത്.
ബോംബ് സ്ഥാപിച്ചിരിക്കുന്ന ട്രെയിനുകളുടെ വിവരങ്ങൾ പോലീസ് ആരാഞ്ഞപ്പോൾ അജ്ഞാതൻ ഒന്നും പറയാതെ കോൾ കട്ട് ചെയ്തു. ഭീഷണിയെ തുടർന്ന് മുംബൈയിലെ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. ഫോൺ വിളിച്ചയാളെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മുംബൈയിലെയും ഡൽഹിയിലെയും ഡൊമസ്റ്റിക് വിമാനത്താവളങ്ങളിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം പോലീസിന് സമാനമായ സന്ദേശം ലഭിച്ചിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിൽ ഇത് വ്യാജ ഭീഷണിയാണെന്ന് വ്യക്തമായിരുന്നു.









