കേരള കോണ്‍ഗ്രസിന് ബദലായി കത്തോലിക്ക സഭയുടെ പുതിയ പാര്‍ട്ടി
കൊച്ചി: കേരളത്തില്‍ കത്തോലിക്ക സഭ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കമാരംഭിച്ചു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേരിടുന്ന അപചയം കണക്കിലെടുത്താണ് സഭ നേതൃത്വത്തിന്റെ നീക്കം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്ക് മുന്നില്‍ സംബന്ധിച്ച നിര്‍ദ്ദേശം മൂന്ന് ബിഷപ്പുമാര്‍ വച്ചിട്ടുണ്ട്. പിതാവ് ഇതിന് അനുമതി നല്‍കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
കേരളത്തില്‍ ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനമായ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേരിടുന്ന പ്രതിസന്ധിയാണ് പുതിയ രാഷ്ട്രീയ പ്രസ്ഥാനം എന്ന ആശയത്തിന് പ്രേരകമായത.്. കാഞ്ഞിരപ്പിള്ളി, കോതമംഗലം, പാല ബിഷപ്പുമാരാണ് പാര്‍ട്ടി രൂപീകരണം അനിവാര്യമാണെന്ന് ജോര്‍ജ്ജ് ആലഞ്ചേരി പിതാവിനെ ബോധിപ്പിച്ചിട്ടുള്ളത്. ഇവരുടെ വാക്കുകള്‍ കര്‍ദ്ദിനാള്‍ നിരാകരിക്കില്ലെന്ന് കരുതുന്നതായി സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വളരെ രഹസ്യമായാണ് നീക്കങ്ങള്‍ നടക്കുന്നത്.
കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ്, മാണി സി കാപ്പന്, വി.വി അഗസ്റ്റില്‍ തുടങ്ങിയ നേതാക്കളുമായി ഇക്കാര്യത്തില്‍ പ്രാഥമികമായ ചില ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു. ഇത്തരമൊരു നീക്കത്തിന് മൂന്ന് നേതാക്കളും പിന്തുണ അറിയിച്ചതായാണ് വിവരം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന് പി.ജെ ജോസഫ് വിഭാഗം ഈ മാസത്തോടെ വിട്ടു പോകാനുള്ള സാധ്യതയുണ്ടെന്ന് ചില കോണുകളില്‍ നിന്ന് വിലയിരുത്തലുണ്ടായിരുന്നു. നിലവില്‍ ബാര്‍ക്കോഴ കേസില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കെ.എം മാണിയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുന്നത് ഗുണകരമാവില്ല എന്നാണ് സഭ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജോസഫ് കൂടി പാര്‍ട്ടി വിട്ടാല്‍ കെ.എം മാണിയുടെ പാര്‍ട്ടി അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത്തരമൊരു ഘട്ടത്തില്‍ സമുദായ താല്പര്യങ്ങള് ഉയര്‍ത്തിപ്പിടിക്കാന്‍ കൃത്യമായ ഒരു ബദല്‍ വേണമെന്ന് തന്നെയാണ് സഭയ്ക്കകത്ത് നിന്നുള്ള അഭിപ്രായം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ സഭ വോട്ടുകള്‍ ധ്രൂവീകരിക്കപ്പെടുന്ന അവസ്ഥയുണ്ടായി. ഇത് ഇടത് മുന്നണിയ്ക്ക് വലിയ തോതില്‍ ഗുണം ചെയ്തിരുന്നു. യുഡിഎഫിനോടും പ്രത്യേകിച്ചു കേരള കോണ്‍ഗ്രസിനോടും ഉള്ള അതൃപ്തി സഭ വോട്ടുകളില്‍ വിള്ളലുണ്ടാക്കുകയായിരുന്നു. നിയമസഭ വോട്ടുകളില്‍ ഇതോ സാഹചര്യം ആവര്‍ത്തിക്കരുത് എന്ന് സഭയ്ക്കുണ്ട്. ഒരു രാഷ്ട്രീയ കക്ഷി രൂപീകരിക്കാതെ മുന്നോട്ട് പോയാല്‍ കേരള രാഷ്ട്രീയത്തില്‍ ഒരു സമര്‍ദ്ധ ശക്തിയായി തുടരാനുള്ള സാധ്യത നഷ്ടപ്പെടുത്തുമെന്ന ഭയവും സഭയ്ക്കുണ്ട്.
മാണി മന്ത്രിസ്ഥാനം രാജിവെക്കുന്നതിന് മുന്‍പ് തന്നെ കേരള കോണ്‍ഗസ് പലതായി വിഭജിച്ച് നില്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സഭ മുന്നോട്ട് വച്ചിരുന്നു. ഇതിന്റെ ഭാഗമായി പി.സി തോമസിന് മാണി വിഭാഗത്തില്‍ അക്കമഡേറ്റ് ചെയ്യണമെന്ന നിര്‍ദ്ദശം സഭ മുന്നോട്ട് വച്ചു. ആലഞ്ചേരി പിതാവ് തന്നെ ഇടപെട്ടിട്ടും മാണി വിഭാഗം ഈയൊരു നിര്‍ദ്ദേശം അവഗണിക്കുകയായിരുന്നു. അന്ന് മുതലേ സഭ നേതൃത്വത്തിന് മാണിയോട് അതൃപ്തിയുണ്ടായിരുന്നു. എന്നാലും ബാര്‍ക്കോഴയില്‍ മാണിയെ പ്രതിരോധിക്കേണ്ട അവസ്ഥയിലായി സഭ. മാണിയെ ഇനിയും സംരക്ഷിച്ച് മുന്നോട്ട് പോകാനാവില്ല എന്നാണ് സഭ നേതൃത്വത്തിലെ ഒരു വലിയ വിഭാഗത്തിന്റെ നിലപാട്.
പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അധികം വൈകില്ലെന്നാണ് ലഭിക്കുന്ന സൂചന. കേരള കോണ്‍ഗ്രസ് എമ്മിനകത്ത് പിളര്‍പ്പുണ്ടായാല്‍ ജനുവരിയില്‍ തന്നെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് കാത്തോലിക്ക സഭ തയ്യാറാകും. നിലവില്‍ അല്മായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയ നിലപാടുകളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കിയിരുന്നു. വി,വി അഗസ്റ്റിനാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ട്. ലത്തീന്‍, യാക്കോബായ വിഭാഗങ്ങള്‍ സമര്ദ്ദശക്തിയായ മുന്നണികളില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കുമ്പോള്‍ സീറോ മലബാര്‍സഭയ്ക്ക് അതിനാകുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. വിശാല അര്‍ത്ഥത്തില്‍ ഒരു സമുദായത്തിന് നേതൃത്വമുള്ള രാഷ്ട്രീയ പാര്‍ട്ടി വരുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും സഭാ നേതൃത്വങ്ങള്‍ കണക്ക് കൂട്ടുന്നു.
Discussion about this post