ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്നേ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട റിട്ടയേര്‍ഡ് ജസ്റ്റിസ് നീലകണ്ഠ ഗഞ്ജുവിന്റെ കൊലപാതകം പുനരന്വേഷിക്കുന്നു. ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ തങ്ങള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ പങ്കിടാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരണമെന്നും അന്വേഷണ ഏജന്‍സി ഒദ്യോഗിക പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
1989 ല്‍ നടന്ന സംഭവത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന കണ്ടെത്തുന്നതിന്, ഈ കൊലപാതക കേസിന്റെ വസ്തുതകളോ സാഹചര്യങ്ങളോ അറിയാവുന്ന എല്ലാ വ്യക്തികളും മുന്നോട്ട് വരണമെന്നും വിവരങ്ങള്‍ പങ്കിടണമെന്നും സംസ്ഥാന അന്വേഷണ ഏജന്‍സി (എസ്ഐഎ) അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ പങ്ക് വയ്ക്കുന്ന എല്ലാ വ്യക്തികളുടെയും ഐഡന്റിറ്റി പൂര്‍ണ്ണമായും മറച്ചുവെക്കുകയും അവരെ പരിരക്ഷിക്കുകയും ചെയ്യുമെന്നും ഉപയോഗപ്രദവും പ്രസക്തവുമായ എല്ലാ വിവരങ്ങള്‍ക്കും ഉചിതമായ പ്രതിഫലം നല്‍കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
1966-ല്‍ പോലീസ് ഇന്‍സ്പെക്ടര്‍റായ അമര്‍ ചന്ദിനെ ജെ & കെ ലിബറേഷന്‍ ഫ്രണ്ട് തീവ്രവാദിയായ മഖ്ബൂല്‍ ഭട്ട് കൊലപ്പെടുത്തിയിരുന്നു. ഈ കേസിന്റെ വാദം കേട്ടത് അന്നത്തെ സെഷന്‍സ് ആന്‍ഡ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ആയിരുന്ന നീലകണ്ഠ് ഗഞ്ജുവാണ്. 1968 ല്‍ ഭട്ടിനെയും കൂട്ടാളിയെയും കേസില്‍ നീലകണ്ഠ ഗഞ്ജു വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതിയും ശിക്ഷ ശരിവച്ചതിനെ തുടര്‍ന്ന് 1984 ഫെബ്രുവരി 11ന് ഭട്ടിനേ തീഹാര്‍ ജയിലില്‍ തൂക്കിലേറ്റി.
കശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദത്തിന്റെ വിത്ത് പാകിയ ഭീകരനാണ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (എന്‍എഫ്എല്‍) സഹസ്ഥാപകനായ മഖ്ബൂല്‍ ഭട്ട്. സിഐഡി ഉദ്യോഗസ്ഥന്‍ അമര്‍ ചന്ദിനെയും ബ്രിട്ടണിലെ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ രവീന്ദ്ര മഹാത്രേയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഭട്ട്. കൂടാതെ ഗംഗ എന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ട്. 36 എന്‍എഫ്എല്‍ ഭീകരരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈജാക്കര്‍മാര്‍ വിമാനം ലാഹോറിലേക്ക് കൊണ്ടുപോയി സ്ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ഭട്ടിനെ നീലകണ്ഠ ഗഞ്ജു വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഭട്ടിന്റെ അറസ്റ്റിനെ തുടര്‍ന്ന് അയാളുടെ അനുയായികള്‍ രൂപീകരിച്ച തീവ്രവാദ സംഘടനയാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്.
ഭട്ടിനെ തൂക്കലേറ്റിയതിന്റെ പ്രതികാരമായി 1989 നവംബര്‍ 4ന്, ശ്രീനഗറിലെ ഹൈക്കോടതിക്ക് സമീപം ഹരി സിംഗ് സ്ട്രീറ്റ് മാര്‍ക്കറ്റില്‍ വെച്ച് ഭീകരര്‍ ഗഞ്ജുവിനെ വളയുകയും വെടിവെച്ച് കൊല്ലുകയും ചെയ്തു. മൃതദേഹത്തില്‍ ആരും തൊടരുത് എന്ന ജെകെഎല്‍എഫ് ഭീഷണി മുഴക്കി. ജനങ്ങള്‍ പ്രതികരിക്കാന്‍ ഭയന്നതിനാല്‍ ഒരു ദിവസം മുഴുവന്‍ അദ്ദേഹത്തിന്റെ മൃതദേഹം ഹരി സിംഗ് സ്ട്രീറ്റില്‍ അനാഥമായി കിടന്നു.
1989 ല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പ്രമുഖ കശ്മീരി പണ്ഡിറ്റാണ് ജഡ്ജി നീലകണ്ഠ ഗഞ്ജു. നേരത്തെ, ആ വര്‍ഷം സെപ്റ്റംബറില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് ടിക ലാല്‍ തപ്ലൂ കൊല്ലപ്പെട്ടിരുന്നു. പിന്നീട് കാശ്മീരില്‍ പണ്ഠിറ്റുകള്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ വംശീയ ഹത്യയുടെ തുടക്കം ഈ സംഭവങ്ങളില്‍ നിന്നാണ്.








