മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി കളിക്കുമെന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നു. പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി നിൽക്കുന്ന ഇന്ത്യൻ ടീം അംഗങ്ങളുടെ ചിത്രങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരു ടീമുകളുടെയും ആരാധകർ ചിത്രങ്ങൾക്ക് താഴെ വാക്പോരിൽ ഏർപ്പെടുകയാണ്.
ഇത്തവണത്തെ ഏഷ്യാ കപ്പിന്റെ വേദിയാകുന്നത് പാകിസ്താനാണ്. അതിനാൽ ഏഷ്യാ കപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളുടെയും ജേഴ്സിയിൽ ‘പാകിസ്താൻ 2023‘ എന്ന് കൂടി രേഖപ്പെടുത്തണം എന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നിഷ്കർഷിച്ചതായും, ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് ടീമുകൾ ഇത് അംഗീകരിച്ചതായുമാണ് ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ വാർത്തകൾ വരുന്നത്.
എന്നാൽ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജേഴ്സി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന വിവരം. അതിനാൽ ജേഴ്സിയുടെ ആധികാരികതയെ ചൊല്ലി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് നിലവിൽ സ്ഥിരീകരണമില്ല.
ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 17 വരെയാണ് ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാകിസ്താൻ നേപ്പാളുമായി ഏറ്റുമുട്ടും. സെപ്റ്റംബർ 2നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം.








