കോട്ടയം: മാസപ്പടി വിവാദത്തില്‍ ടി വീണയ്ക്കെതിരെ കൂടുതല്‍ തെളിവുകളുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ മകള്‍ ആറ് സ്ഥാപനങ്ങളില്‍ നിന്നും കൂടി പണം വാങ്ങിയിട്ടുണ്ട്. പ്രതിപക്ഷവും അഴിമതിയുടെ പങ്ക് പറ്റുന്നവരാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ജെഡിടി ഇസ്ലാം, ഐഡിഎല്‍ എജ്യുക്കേഷണല്‍ സൊസൈറ്റി, ശ്രീകൃഷ്ണ ഹൈടെക്ക് ആന്റ് മാനേജ്മെന്റ് സൊലൂഷന് പ്രൈവറ്റ് ലിമിറ്റഡ്, സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ്, റിംസ് ഫൗണ്ടേഷന്, അനന്തപുരി എജ്യുക്കേഷണല്‍ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. ഇതില്‍ ചിലര്‍ ചാരിറ്റി മറയാക്കി തട്ടിപ്പ് നടത്തുന്നവരാണ്. ഈ സ്ഥാപനങ്ങള്‍ എല്ലാം തന്നെ പലതരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ വീണാ മുഹമ്മദ് റിയാസുമായി നടത്തിയിട്ടുണ്ട്. കേരളത്തിലെ പല വ്യവസായികളില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം ലഭിച്ചത് എന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
“ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വകമാറ്റി ചിലവഴിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നടക്കുകയാണ്. അതും ഈ പണമിടപാടും തമ്മില്‍ ബന്ധമുണ്ട്. എന്തുകൊണ്ടാണ് ഈ ആറ് കമ്പനികളെ പറ്റി യുഡിഎഫുകാര്‍ മിണ്ടാത്തത്? എല്ലാവരും ഒരുമിച്ചാണ് അഴിമതിയുടെ പങ്കുപറ്റുന്നത്”, സുരേന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തിറങ്ങുന്ന എകെ ബാലന് ആയിരക്കണക്കിന് കോടി രൂപയുടെ തിരിമറിക്ക് നേതൃത്വം നല്കിയ ആളാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലും അട്ടപാടി ഉള്‍പ്പെടെയുള്ള മേഖലകളികലും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തട്ടിയെടുക്കപ്പെട്ടു. കേരളം മുഴുവന്‍ കൊള്ളയടിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഇതിന് കൂട്ടുനില്‍ക്കുകയാണ് വിഡി സതീശനും യുഡിഎഫും ചെയ്യുന്നത്. രണ്ട് മുന്നണിക്കാരും നടത്തിയ അഴിമതികള്‍ ബിജെപി പുറത്തുകൊണ്ടുവരും. ലൈഫ് മിഷനും കരുവന്നൂരുമൊക്കെ പുറത്തുവന്നത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് കൊണ്ടാണ്. വരും ദിവസങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇരുമുന്നണികളും ഒന്നിച്ച് സമരം ചെയ്യുമെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. കരുവന്നൂര്‍ കേസില്‍ എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്യുകയാണ്. ബിജെപി ഇത് ആദ്യമേ പറഞ്ഞിരുന്നു. സഹകരണ സ്ഥാപനങ്ങളില്‍ ഇരുകൂട്ടരും ഒരുമിച്ച് അഴിമതി നടത്തുകയാണെന്നും കെ.സുരേന്ദ്രന്കൂട്ടിച്ചേര്ത്തു.
കണ്ണൂരിലെ മണ്ഡലങ്ങളില്‍ വികസനമുണ്ടെന്ന് എംവി ഗോവിന്ദന് വെറുതെ പറയുകയാണ്. അവിടെ വികസനം സിപിഎമ്മുകാരുടെ പോക്കറ്റില്‍ മാത്രമാണ്. രണ്ട് മുന്നണികളും വികസനം എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ഉമ്മന്‍ചാണ്ടി വിചാരിച്ചിരുന്നെങ്കില്‍ ആയിരക്കണക്കിന് കോടി രൂപയുടെ വികസനം പുതുപ്പള്ളിയില്‍ എത്തിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്തില്ലെന്നും സുരേന്ദ്രന് ആരോപിച്ചു.
Discussion about this post