പ്രയാഗ്‌രാജ് : ബന്ധുവായ പെൺകുട്ടിയെ സഹപാഠികൾ ശല്യം ചെയ്യുന്നത് തടഞ്ഞ പത്താം ക്ലാസുകാരനായ വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ചു കൊലപ്പെടുത്തി. പ്രയാഗ്‌രാജിലെ ഖിരി സ്വദേശിയായ സത്യം കുമാർ ശർമ്മ ആണ് കൊല്ലപ്പെട്ടത്. പർമാനന്ദ് ഇന്റർമീഡിയറ്റ് കോളേജിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു സത്യം കുമാർ ശർമ്മ.
സ്കൂൾ കഴിഞ്ഞ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ തന്റെ ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്ന സമയത്തായിരുന്നു സത്യം കുമാറും ഇതേ സ്കൂളിലെ തന്നെ മറ്റു ചില വിദ്യാർത്ഥികളും തമ്മിൽ തർക്കവും ഏറ്റുമുട്ടലും ഉണ്ടായത്. സഹപാഠികൾ തന്റെ ബന്ധുവിനെ ശല്യപ്പെടുത്തുകയും കയ്യിൽ കയറി പിടിക്കുകയും ചെയ്തത് ചോദ്യം ചെയ്തതായിരുന്നു ഏറ്റുമുട്ടലിലേക്ക് എത്തിയത്. തുടർന്ന് സഹപാഠികൾ ചേർന്ന് സത്യത്തെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സത്യത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നുവർഷം മുമ്പ് സത്യം കുമാർ ശർമ്മയുടെ പിതാവ് മരിച്ചിരുന്നു. അഞ്ചുമക്കളിൽ ഏറ്റവും ഇളയ ആളാണ് സത്യം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.









