ബംഗളൂരു : വിക്ഷേപണത്തിന് ഒരുങ്ങി ഭാരതത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1. ബംഗളുരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ (യുആര്‍എസ്സി) നിര്‍മിച്ച ആദിത്യ എല്‍1 പരിശോധനകള്‍ക്കുശേഷം റോക്കറ്റില്‍ ഘടിപ്പിച്ചു. ഇതിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. സൂരിനേക്കുള്ള ഇന്ത്യയുടെ ആദ്യ പര്യവേഷണ ദൗത്യമായ ആദിത്യ എല്‍1 ന്റെ വിക്ഷേപണം സെപ്റ്റംബര്‍ രണ്ടിനു പകല്‍ 11.50 നു ഉണ്ടാകും. പിഎസ്എല്‍വി റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക.
സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. സൗര വികിരണങ്ങള്‍ മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റങ്ങളും ഇതിലൂടെ പഠിക്കാന്‍ സാധിക്കും.
4 മാസത്തെ യാത്രയ്ക്കു ശേഷമാകും ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹമെത്തുക. സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയില്‍ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദു (എല്‍1) കേന്ദ്രീകരിച്ചായിരിക്കും ആദിത്യയുടെ ഭ്രമണപഥം. കൂടാതെ ഭാരതത്തിന്റെ ബഹിരാകാശ നിരീക്ഷണകേന്ദ്രമായി ഉപഗ്രഹം പ്രവര്‍ത്തിക്കും.










