ബംഗളൂരു: ഐക്യരാഷ്ട്ര സംഘടനയിലെ ഔദ്യോഗിക സ്ഥാനം രാജിവെച്ച തന്നെ തേടി ഇടതുപാര്‍ട്ടികളും ബി.ജെ.പിയും എത്തിയിരുന്നെന്ന് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍. പല രാഷ്ട്രീയ കക്ഷികളും സമീപിച്ചപ്പോഴും താന്‍ ശരിയായ തീരുമാനമെടുത്തു. അങ്ങനെയാണ് തന്റെ സ്വന്തം പാര്‍ട്ടിയിലെത്തിയത്-ബംഗളൂരു ഐ.ഐ.എമ്മിന്റെ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തവെ തരൂര്‍ പറഞ്ഞു.
ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം രാജ്യത്തെ പ്രമുഖ പാര്‍ട്ടികളെല്ലാം തന്നെ തേടി വന്നിട്ടുണ്ട്.ന്യൂയോര്‍ക്കിലെ തന്റെ ഓഫീസിലെത്തിയാണ് വാജ്പേയി സര്‍ക്കാറിലെ ഒരു മന്ത്രി ബി.ജെ.പിയിലേക്ക് ക്ഷണിച്ചത്. തിരുവനന്തപുരത്ത് വച്ച് ഇടതുപാര്‍ട്ടി പ്രതിനിധികളും സമീപിച്ചു. പിന്നീട് തന്റെ പാര്‍ട്ടി സമീപിച്ചപ്പോള്‍ ശരിയായ തീരുമാനമെടുക്കുകയായിരുന്നു- തരൂര്‍ പറഞ്ഞു.
പുതിയ കാഴ്ചപ്പാടും വ്യക്തിത്വവുമായി പാര്‍ട്ടികള്‍ രൂപം കൊള്ളുന്നുണ്ട്. കോണ്‍ഗ്രസില്‍ നിരവധി നല്ല ആളുകളുണ്ട്. കേരളാ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പ്രവണതകളാണ് തന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പിന് കാരണമെന്നാണ് തരൂര്‍ പറയുന്നത്. ആര്‍ക്കുവേണ്ടിയാണെന്ന് ചോദിക്കാതെ ഇന്ത്യ തിളങ്ങുന്നു എന്നാണ് ആദ്യവിഭാഗക്കാര്‍ പറയുന്നത്. രണ്ടാംവിഭാഗം വിപ്ലവകരമായ മാറ്റങ്ങളെ മുഴുവന്‍ എതിര്‍ത്തുകൊണ്ട് പാവപ്പെട്ടവര്‍ക്കായി നിലകൊള്ളുന്നതായി അവകാശപ്പെടുന്നു.
പാവപ്പെട്ടവരെ പാവപ്പെട്ടവരായി തുടരാന്‍ പ്രേരിപ്പിക്കുന്ന ഇക്കൂട്ടരൂടെ നയങ്ങള്‍ അവരുടെ രാഷ്ട്രീയത്തിന് ചേരുന്നതല്ല. ഇനി മൂന്നാമത് കൂട്ടരാണ് 1991ലെ സാമ്പത്തിക ഉദാരവത്കരണത്തിന് പിന്നില്‍. സാമ്പത്തിക മാറ്റങ്ങള്‍ക്കും സാമൂഹ്യനീതിയ്ക്കുമുള്ള മാര്‍ഗങ്ങള്‍ മുന്നോട്ടുവച്ചതും അവരാണെന്ന് തരൂര്‍ പറഞ്ഞു.
Discussion about this post