ന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ പ്രധാന വേദിയായ ഭാരതമണ്ഡപത്തെ അലങ്കരിച്ച് നടരാജ പ്രതിമ. തമിഴ്‌നാട്ടിൽ നിന്നുള്ള 28 അടി ഉയരമുള്ള പ്രതിമ വേദിക്ക് മുൻപ് സ്ഥാപിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വാർത്ത പ്രക്ഷേപണ മന്ത്രാലയമാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
തമിഴ്‌നാട്ടിലെ പ്രമുഖ ശിൽപി ദേവസേനാപതി സ്തപതിയുടെ മക്കളാണ് ഈ പ്രതിമ നിർമ്മിച്ചത്. എട്ട് ലോഹങ്ങൾ( അഷ്ടധാതുക്കൾ) ഉൾപ്പെട്ട, 19 ടൺ ഭാരമുള്ള ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെങ്കല പ്രതിമയാണ്. എ ഡി 9-ാം നൂറ്റാണ്ടിലെ ചോള കാലഘട്ടം മുതൽ പിന്തുടർന്നു വന്ന പുരാതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചത്. 87% ചെമ്പ്, 10% സിങ്ക്, 3% ലെഡ് എന്നീ ലോഹങ്ങളും ടിൻ, വെള്ളി, സ്വർണ്ണം, മെർക്കുറി, ഇരുമ്പ് എന്നിവയും പ്രതിമയുടെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്
https://twitter.com/DDNewslive/status/1699009400885674036?fbclid=IwAR3IFx6bMqlqlZOnXt9U09iWxV98Cre383JbDscEpo6Kbu4MZCUqpNr_WeQ
ശിവന്റെ നൃത്തത്തെ പ്രതിനിധീകരിക്കുന്ന പ്രതിമ തമിഴ് സംസ്‌കാരത്തിന്റെ മികച്ച സൃഷ്ടികളിലൊന്നായി അറിയപ്പെടുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ശിൽപ നിർമാണത്തിനുള്ള ഓർഡർ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നൽകിയത്. ആറ് മാസം കൊണ്ട് ശിൽപ നിർമാണം പൂർത്തിയാക്കി.










