വിജയിത്തിലേക്കുള്ള ചവിട്ടുപടിയാണ് പരാജയം, അവഗണകളും പരാജയങ്ങളും തിരിച്ചടികളും നമ്മെ പുതിയ പാഠങ്ങൾ പഠിപ്പിക്കാൻ സഹായിക്കും. കഠിനാധ്വാനവും സ്ഥിരോത്സാഹവും നമ്മെ വിജയത്തിൽ കൊണ്ടെത്തിക്കും എന്ന് നമുക്ക് തെളിയിച്ചുനൽകുകയാണ് മനു അഗൾവാൾ എന്ന യുവാവ്. 10,000 രൂപ വരുമാനത്തിൽ നിന്ന് ജീവിതം ആരംഭിച്ച മനു അഗൾവാൾ ഇന്ന് 1.9 കോടി രൂപയാണ് ശമ്പളം വാങ്ങുന്നത്.
ഇത് കൂടാതെ ഒരു കമ്പനി മേധാവി കൂടിയാണ് അദ്ദേഹം. പ്രോഗ്രാമിംഗിലും സോഫ്റ്റ്വെയർ എഞ്ചിനീയറിംഗിലും മാസ്റ്റർ കോഴ്സുകൾക്ക് പേരുകേട്ട ട്യൂട്ടോർട്ട് അക്കാദമിയുടെ സൃഷ്ടാവാണ് അദ്ദേഹം. ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സ്ട്രക്ചർ തുടങ്ങിയ വിഷയങ്ങളും ഈ കോഴ്‌സുകളിൽ ഉൾക്കൊള്ളുന്നു.
ഉത്തർപ്രദേശിലെ ഝാൻസി സ്വദേശിയാണ് മനു. സാധാരണ സർക്കാർ സ്‌കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ മനു ഉയർന്ന AIEEE സ്‌കോർ നേടിയ ശേഷം ബുന്ദേൽഖണ്ഡ് സർവകലാശാലയിൽ ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ പഠിച്ചു. ഗണിതം കുറച്ച് ബുദ്ധിമുട്ടായിരുന്നെങ്കിലും തന്റെ പോരായ്മകളെ ധൈര്യത്തോടെ നേരിട്ടുകൊണ്ട് മനു മുന്നേറി. തുടർന്ന് തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. 2016-ൽ അദ്ദേഹത്തിന് 10,000 രൂപ ശമ്പളത്തോടുകൂടിയ ഇന്റേൺഷിപ്പ് ലഭിച്ചു. എംസിഎ പഠിക്കുന്നതിനിടയിൽ അദ്ദേഹം നിരവധി കമ്പനികളിൽ അപേക്ഷിച്ചു. എന്നാൽ ഒന്ന് പോലും മനുവിന്റെ ആപ്ലിക്കേഷൻ സ്വീകരിച്ചില്ല.
35 ഓളം കമ്പനികളാണ് ഈ യുവാവിന്റെ സിവി നിരസിച്ചത്. എന്നാൽ ഇതുകൊണ്ടൊന്നും പിൻവാങ്ങാൻ അയാൾ തയ്യാറായില്ല. കോഡിംഗിൽ പ്രാവീണ്യം തെളിയിച്ച മനു മൈക്രോസോഫ്റ്റ് കമ്പനിയിൽ ഇന്റേൺഷിപ്പിനും പിന്നീട് ജോലിക്കും പ്രവേശിച്ചു. വാഷിംഗ്ടണിലെ സിയാറ്റിലിലാണ് മനു ജോലി ചെയ്തത്. 1.9 കോടിയായിരുന്നു അന്ന് മനുവിന്റെ ശമ്പളം.
കോവിഡ് -19 കാലത്ത് ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതനായപ്പോൾ മനുവിന്റെ താൽപ്പര്യങ്ങൾ മാറി. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം ഗൂഗിളിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി മനു ജോലി ചെയ്തു. അതിനുശേഷം, തന്റെ സുഹൃത്ത് അഭിഷേക് ഗുപ്തയുമായി സഹകരിച്ച് ട്യൂട്ടോർട്ട് അക്കാദമി ആരംഭിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.








