സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കത്ത് നൽകിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംഭവത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുതരത്തിലും ഭയപ്പെടാനില്ലെന്നും തിരക്കഥ നന്നായെന്നും തന്റെ നിരപരാധിത്വം പൂർണമായും തെളിയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നാണ് മുഹമ്മദ് റിയാസ് ഇതിനോട് പ്രതികരിച്ചത്. പേടിച്ചുപോയെന്ന് ആരും കരുതേണ്ടെന്നും, എങ്ങനെയൊക്കെ വേട്ടയാടാൻ ശ്രമിച്ചാലും ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിക്കുന്ന മനുഷ്യന്റെ പച്ചയിറച്ചി കടിച്ച് തിന്ന് രസിക്കുന്നതിന് സമാനമായ വാർത്തകളാണ് പുറത്തുവരുന്നതെന്നും അത് അതിന്റെ രസത്തിൽ നടക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് ഇഡി ഡിജിപിക്ക് കത്ത് നൽകിയിരിക്കുന്നത്. കേസിലെ നിർണായക തെളിവുകളടക്കം കൈമാറിക്കൊണ്ടാണ് ഡിജിപിക്ക് കത്ത് ലഭിച്ചിരിക്കുന്നത്.








