തമിഴ്‌നാട് നിയമസഭയിൽ പൊലീസ്, ഫയർ ആൻഡ് റസ്ക്യൂ സർവീസസ് വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിക്കിടെ തന്റെ ശരീരഭാഷയെക്കുറിച്ച് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് രംഗത്തെത്തി. പ്രസംഗത്തിനിടയിൽ താടിയിൽ സ്പർശിച്ചുകൊണ്ടുള്ള ആംഗ്യം യാതൊരുവിധത്തിലും ബോധപൂർവ്വമുള്ളതായിരുന്നില്ലെന്ന് തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി തലവൻ കൂടിയായ അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് തടവിലിരിക്കെ മുൻ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കെ. സ്റ്റാലിന് താടിക്കു പരിക്കേറ്റിരുന്നു എന്നതുമായി ബന്ധപ്പെടുത്തി, വിജയ് സ്റ്റാലിനെ പരിഹസിക്കാൻ ബോധപൂർവ്വം ഈ ആംഗ്യം കാണിച്ചതാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നിരുന്നു.
ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല ആ പ്രകടനമെന്നും അതിനാൽ അതിനെ ആ രീതിയിൽ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ സർക്കാർ മദ്യവില്പന ശാലയായ ടാസ്മാക്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) കണ്ടെത്തലുകൾ നിരത്തി വിജയ് ഡിഎംകെ ഭരണകൂടത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭയിൽ വലിയ ബഹളവും അരങ്ങേറിയിരുന്നു. ഡിഎംകെ ഭരണകാലത്ത് നടന്ന മദ്യവില്പനയിലെ അഴിമതികളിൽ മുൻ മന്ത്രി വി. സെന്തിൽ ബാലാജിക്കും സഹോദരൻ അശോക് കുമാറിനും പങ്കുണ്ടെന്ന് വിജയ് നിയമസഭയിൽ ആരോപിക്കുകയും ഇഡിയുടെ രേഖകൾ പ്രദർശിപ്പിക്കുകയും ചെയ്തു.
മുൻ ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധിയുടെ കാലത്ത് ടെൻഡറുകളിൽ അഴിമതി നടന്നിട്ടുണ്ടെന്ന് പരാമർശിക്കുന്ന സർക്കാരിയ കമ്മീഷൻ റിപ്പോർട്ടും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. ഡിഎംകെ ഭരണത്തിൽ ശാസ്ത്രീയമായ അഴിമതിയാണ് നടക്കുന്നതെന്ന വിജയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ എംഎൽഎമാർ സഭയിൽ ശക്തമായ പ്രതിഷേധമുയർത്തുകയും സ്പീക്കറുടെ പോഡിയം ഉപരോധിക്കുകയും ചെയ്തു. ഇഡിയുടെ രേഖകളുടെ അടിസ്ഥാനത്തിലുള്ള പരാമർശങ്ങൾ സഭ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഡിഎംകെ അംഗങ്ങൾ പിന്നീട് സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തുടർന്ന് സഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ മാർഷലുകളുടെ സഹായത്തോടെ പുറത്താക്കാൻ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ ഉത്തരവിടുകയാണുണ്ടായത്.








