ചെങ്ങന്നൂർ: ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തവരെ അറസ്റ്റ് ചെയ്ത് ചെങ്ങന്നൂർ പോലീസ്. ചെങ്ങന്നൂർ കീച്ചേരിമേൽ ചരിവ് പുരയിടത്തിൽ വീട്ടിൽ കനകൻ (49), മുളവൂർ പേഴക്കാപ്പിള്ളി തട്ടുപറമ്പ് പുത്തൻവീട്ടിൽ കുട്ടപ്പൻ (64) എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്.
ഇവരിൽ കുട്ടപ്പനാണ് മുക്കുപണ്ടങ്ങൾ ഉണ്ടാക്കിയിരുന്നത്. ഇത് വിവിധ ബാങ്കുകളിൽ പണയം വച്ച് പണം മേടിച്ചിരുന്നത് കനകനായിരുന്നു. ചെങ്ങന്നൂരിലെ ഒരു ബാങ്കിൽ നിന്നും 18 ലക്ഷം രൂപയോളം ഇവർ തട്ടിയെടുത്തിരുന്നു. തട്ടിപ്പ് മനസിലാക്കിയ ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. 2021 മുതൽ പല ദിവസങ്ങളിലായി കനകൻ ബാങ്കിലെത്തി മുക്കുപണ്ടം പണയം വച്ചിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതികളെ ചെങ്ങന്നൂർ പോലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post