ന്യൂഡൽഹി: ഛത്രപതി ശിവാജി മഹാരാജ് നിർമ്മിച്ച സിന്ധുദുർഗ്ഗ് കോട്ടയിൽ ഈ വർഷത്തെ നാവികസേനാദിനം ആഘോഷിക്കാൻ തീരുമാനം. ഡിസംബർ നാലിനാണ് ഭാരതം നാവികസേനാദിനം ആഘോഷിക്കുന്നത്. പാകിസ്താനെതിരായി കറാച്ചി തുറമുഖത്ത് 1974 ൽ ഇന്ത്യൻ നാവികസേന നടത്തിയ പോരാട്ടത്തിൻ്റെ സ്മരണയിലാണ് നാവികസേനാദിനം ആഘോഷിച്ചു വരുന്നത്. കഴിഞ്ഞ വർഷം അത് വിശാഖപട്ടണത്തു വെച്ചായിരുന്നു. ഈ വർഷം പടിഞ്ഞാറൻ തീരം തെരഞ്ഞെടുത്തതായും സമ്പന്നമായ ചരിത്രം തന്നെയുള്ള സിന്ധുദുർഗ്ഗ് കോട്ട വേദിയാകുമെന്നും നാവികോദ്യോഗസ്ഥർ അറിയിച്ചു.
മാൽവൻ തീരത്തിനടുത്തായി അറബിക്കടലിനാൽ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപിലാണ് സിന്ധുദുർഗ്ഗ് കോട്ട നിർമ്മിച്ചിരിക്കുന്നത്. ഛത്രപതി ശിവാജി മഹാരാജാണ് 1664 ൽ പണി കഴിപ്പിച്ച്ത്. നാല്പത്തിയെട്ട് ഏക്കറോളം വിസ്തൃതിയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഏകദേശം മൂന്നു വർഷത്തോളം സമയമെടുത്തു പൂർത്തിയാക്കിയ കോട്ടയുടെ മുഖ്യശില്പി ഹിരോജി ഇന്ദുൽക്കർ ആയിരുന്നു.
പടിഞ്ഞാറൻ തീരങ്ങളിൽ വർദ്ധിച്ചു വരുന്ന വിദേശരാജ്യങ്ങളുടെ ആക്രമണത്തെ ചെറുക്കുകയായിരുന്നു കോട്ടയുടെ നിർമ്മാണത്തിൻ്റെ പ്രധാന ഉദ്ദേശ്യം. നാവികസേനയുടെ ആവശ്യകത ശിവാജി മഹാരാജ് തിരിച്ചറിഞ്ഞു . ഖുർട്ടെ ബെൽറ്റ് എന്ന പേരിലുള്ള ഒറ്റപ്പെട്ട ദ്വീപാണ് അദ്ദേഹം കോട്ടയുടെ നിർമ്മാണത്തിനു തെരഞ്ഞെടുത്തത്. കോട്ടയും എപ്പോഴും ആക്രമണത്തിനു വിധേയമായിരുന്നതിനാൽ രാജ്കോട്ട് പത്മദുർഗ്ഗ് എന്ന പേരിൽ അദ്ദേഹം ചെറിയ കോട്ടകൾ നിർമ്മിച്ചു. ഈയവും ഇരുമ്പും കല്ലുകളും ഉപയോഗിച്ചാണ് ഇതിൻ്റെ നിർമ്മാണം നടത്തിയിരിക്കുന്നത്.
പ്രധാനകവാടം പുറത്തുനിന്ന് പെട്ടെന്നു തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറാത്ത പതാക ഉയർത്തിയിരുന്ന നിഷാൻ ബുറൂജ് ആണ് മറ്റൊരു പ്രത്യേകത. കോട്ടയുടെ ഏതു ഭാഗത്തു നിന്നും ദൃശ്യമാകുന്ന തരത്തിൽ ഇത് സ്ഥാപിച്ചിരിക്കുന്നു. വെള്ളത്തിനടിയിലൂടെയുളള മറഞ്ഞിരിക്കുന്ന പാതയാണ് കൗതുകകരമായ മറ്റൊരു പ്രത്യേകത. ഏതു കാലത്തും വറ്റാത്ത മൂന്നു കിണറുകളും കോട്ടയിലുണ്ട്. ശിവാജി മഹാരാജിൻ്റെ ക്ഷേത്രവും ഉടവാളും കോട്ടയിലുണ്ട്. വിനോദസഞ്ചാരികളാണ് ഇന്ന് കോട്ട സന്ദർശിക്കാൻ എത്തുന്നവരിൽ കൂടുതലും.
Discussion about this post