കൊച്ചി: സരിത ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ അച്ഛനാരാണെന്ന ജസ്റ്റിസ് ശിവരാജന് കമ്മിഷന്റെ ചോദ്യത്തിനു മുന്പില് സരിത പൊട്ടിക്കരഞ്ഞു. മൂക്കില്‍നിന്നു രക്തം വന്നതിനെത്തുടര്‍ന്നു സരിതയുടെ മൊഴിയെടുപ്പ് അവസാനിപ്പിച്ചു. ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ അച്ഛനാരാണെന്നത് സംബന്ധിച്ച സരിത നേരത്തെ നടത്തിയ വിവാദ പ്രസ്താവനയുടെ ചുവട് പിടിച്ചായിരുന്നു കമ്മീഷന്റെ ചോദ്യം. എന്നാല്‍ ഈ ചോദ്യത്തിന് സരിത ഉത്തരം നല്‍കിയില്ല.
2007ല്‍ ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ തനിക്ക് ഒരു കുട്ടി മാത്രമാണുണ്ടായിരുന്നതെന്നു സരിത പറഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 2010 ഏപ്രില്‍ ഒന്നിനു ജയിലില്‍ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു. ബിജു രാധാകൃഷ്ണനും താനും തമ്മില്‍ ഭാര്യാ- ഭര്‍തൃബന്ധം ഉണ്ടായിരുന്നില്ല. ഔദ്യോഗിക ബന്ധം മാത്രമായിരുന്നുവെന്നു സരിത പറഞ്ഞു.
ഭാര്യാ-ഭര്‍തൃബന്ധം ഉണ്ടായിരുന്നില്ലെങ്കില്‍ ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ആരാണെന്നു കമ്മിഷന് ചോദിച്ചു. അതു വ്യക്തിപരമായ കാര്യമാണെന്നും കമ്മിഷനു മുന്പില് വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞായിരുന്നു സരിതയുടെ കരച്ചില്. അല്പസമയത്തിനുള്ളില് മൂക്കില്‍നിന്നു രക്തം വന്ന സരിത പുറത്തേക്കു പോകാന്‍ അനുമതി ചോദിച്ചു.
രക്തസമ്മര്‍ദം വര്‍ധിച്ചതുമൂലമാണു രക്തം വന്നതെന്നായിരുന്നു സരിത പറഞ്ഞത്. എന്നാല്‍ സരിതക്കൊപ്പം പുറത്തിറങ്ങി പരിശോധിച്ച കമ്മിഷന്റെ വനിതാ സ്റ്റാഫ്, സരിതയുടെ മൂക്കില്‍ മുറിവുണ്ടെന്നു കമ്മിഷനെ അറിയിച്ചു. എന്തായാലും സരിത നാളെ രാവിലെ ഹാജരായാല്‍ മതിയെന്നു പറഞ്ഞു കമ്മിഷന് സിറ്റിങ് അവസാനിപ്പിച്ചു.
ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനു കൊണ്ടുപോയതിനെതിരായ ഹൈക്കോടതി പരാമര്‍ശവും മാധ്യമങ്ങളിലെ മുഖപ്രസംഗങ്ങളും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. പുറത്ത് എന്തു പറയുന്നു എന്നത് താന്‍ കാര്യമാക്കുന്നില്ല. വേണ്ടത്ര സുരക്ഷയൊരുക്കി, നിയമപരമായാണു തെളിവെടുപ്പിനു ബിജുവിനെ കൊണ്ടുപോയത്. മുഖപ്രസംഗങ്ങള്‍ എഴുതുന്നതുപോലെ എളുപ്പമുള്ള പണിയല്ല കമ്മിഷന് ചെയ്യുന്നത്. കമ്മിഷന് മണ്ടനല്ലെന്ന് എല്ലാവരും മനസിലാക്കണമെന്നും കമ്മീഷന് പറഞ്ഞു.
ആവശ്യത്തിന് സുരക്ഷ ഒരുക്കിയല്ല കൊലപാതകക്കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരിലേക്ക് കൊണ്ടു പോയത് എന്ന വിമര്‍ശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉയര്‍ത്തിയിരുന്നു.
Discussion about this post