തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം സംസ്ഥാനത്ത് തുടർക്കഥയാകുമ്പോൾ പ്രതിവിധികൾ നിർദ്ദേശിച്ച് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് മയക്കുമരുന്നിനെയോ, വിദ്യാർത്ഥി രാഷ്ട്രീയത്തെയോ മാത്രം പഴിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താമരശ്ശേരിയിൽ വിദ്യാർത്ഥികളുടെ ക്രൂമർദ്ദനത്തിൽ പരിക്കേറ്റ് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അക്രമം സ്‌കൂളിലെത്തുമ്പോൾ മയക്കുമരുന്നിനെയോ, വിദ്യാർത്ഥി രാഷ്ട്രീയത്തെയോ മാത്രം പ്രതിസ്ഥാനത്ത് നിർത്താൻ സാധിക്കില്ലെന്ന് അദ്ദേഹം പയുന്നു. നിസ്സാര പ്രശ്‌നം പോലും കുട്ടികൾ അഭിമാന പ്രശ്‌നം ആയി കണക്കാക്കുന്നു. ഒരു തരം ഗാംഗ് വാറാണ് ഇപ്പോൾ നടക്കുന്നത്. അതിൽ മരണങ്ങൾ ഒന്നും നടക്കാത്തത് കൊണ്ട് മാത്രം കേസും കൂട്ടവും ഇല്ല. വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം കേരളത്തിൽ പുതിയതൊന്നും അല്ല.
വീട്ടിൽ ആണെങ്കിലും സ്‌കൂളിൽ ആണെങ്കിലും പുറത്താണെങ്കിലും അക്രമത്തിന് എതിരെ സീറോ ടോളറൻസ് ആയിരിക്കണം നമുക്ക്.
അക്രമങ്ങൾ നടത്തിയ നൂറു പേർക്ക് സമയബന്ധിതമായി ശിക്ഷ ലഭിച്ചാൽ തീരാവുന്ന അക്രമ വാസന മാത്രമേ ഇപ്പോൾ കേരളത്തിൽ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അക്രമം സ്‌കൂളിൽ എത്തുമ്പോൾ.
താമരശ്ശേരിയിൽ ആക്രമണങ്ങളിൽ ഒരു സ്‌കൂൾ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം സമൂഹത്തെ ഒരിക്കൽ കൂടി ചിന്തിപ്പിക്കേണ്ടതാണ്.
സാധാരണ ഗതിയിൽ ഇക്കാലത്ത് വിദ്യാർത്ഥികളും യുവാക്കളും ഇഷ്ടപ്പെട്ട ഒരു വിഷയം ഉണ്ടായാൽ രണ്ടു പ്രശ്‌നങ്ങളെ പറ്റി ഉടൻ പറയും
1. മയക്കു മരുന്നുകളുടെ സ്വാധീനം
2. വിദ്യാർത്ഥി രാഷ്ട്രീയം
ഇവിടെ കേട്ടിടത്തോളം ഇവ രണ്ടും അല്ല പ്രതി.
ഒരു ട്യൂഷൻ സെന്ററിലെ വാർഷികവുമായി ബന്ധപ്പെട്ട് ഉണ്ടായ നിസ്സാരമായ പ്രശ്‌നം അത് കുട്ടികൾ ‘അഭിമാന പ്രശ്‌നം’ ആയി കാണുന്നു. മൃഗങ്ങൾ ഒക്കെ കൂട്ടുകൂടി ആക്രമിക്കുന്നത് പോലെ അവർ ആക്രമിക്കുന്നു. ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെടുന്നു.
വിഷയം പ്രാദേശിക വാർത്തകൾക്ക് അപ്പുറം എത്തുന്നു.
ഇത്തരം വിദ്യാർത്ഥി സംഘട്ടനങ്ങൾ കേരളത്തിൽ ഇപ്പോൾ വ്യാപകമാണ്. ഇപ്പോൾ മൊബൈൽ ഫോൺ ഒക്കെ ഉള്ളത് കൊണ്ട് സ്‌കൂളിനകത്ത്, പുറത്ത്, ബസ് സ്റ്റാൻഡിൽ ഒക്കെ ഇത്തരം സംഘട്ടനങ്ങൾ നടക്കുന്നത് നമ്മൾ പലകുറി കണ്ടിട്ടുണ്ട്. ഇതിൽ മിക്കതിലും രാഷ്ട്രീയം ഒന്നുമല്ല വിഷയം, ഒരു തരം ഗാംഗ് വാർ ആണ്.
അതിൽ മരണങ്ങൾ ഒന്നും സംഭവിക്കാത്തത് കൊണ്ട് അവിടെ പിന്നെ കേസും കൂട്ടവും ഒന്നും ഉണ്ടായിക്കാണില്ല.
വിദ്യാർത്ഥി സംഘട്ടനങ്ങൾ കേരളത്തിൽ പുതുമ ഒന്നുമല്ല.
ഞാൻ ആദ്യമായി വിദ്യാർത്ഥി സംഘട്ടനം കാണുന്നത് വെങ്ങോലയിൽ ശാലേം സ്‌കൂളിൽ ആണ്. അന്ന് സ്‌കൂളിൽ തന്നെ രാഷ്ട്രീയം ഒക്കെ ഉണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നു. കെ എസ് യു – എസ് എഫ് ഐ രണ്ടു കൂട്ടരും ആവേശത്തോടെ പ്രചാരണം നടത്തുന്നു. ഒരു ദിവസം ഉച്ച സമയത്ത് പത്തു സി യിൽ പ്രചാരണത്തിന് എത്തിയ പത്ത് എ കാരനെ എതിർ പക്ഷം മർദ്ദിക്കുന്നു. തല പൊട്ടി ചോര ഒഴുകുന്നു.
നേരിട്ട് കണ്ടതാണ്, തൊള്ളായിരത്തി എഴുപത്തി ഏഴിൽ ആയിരിക്കണം. രാഷ്ട്രീയം കത്തി നിൽക്കുന്ന സമയമാണല്ലോ.
രണ്ടാമത്തെ, കൂടുതൽ വയലന്റ് ആയ കാഴ്ച കാണുന്നത് കാലടിയിൽ ആണ്. ശ്രീ ബ്രഹ്‌മാനന്ദോദയം സ്‌കൂളിൽ സയൻസ് എക്‌സിബിഷൻ നടക്കുന്നു. അത് കാണാൻ ശാലേം സ്‌കൂളിൽ നിന്നും ഞങ്ങൾ അവിടെ എത്തുന്നു. അവിടെ എത്തുമ്പോൾ എക്‌സിബിഷൻ നിർത്തി വച്ചിരിക്കയാണ്, കാരണം ബ്രഹ്‌മാനന്ദോദയത്തിലെ കുട്ടികളും എക്‌സിബിഷന് വന്ന നീലേശ്വരത്തെ കുട്ടികളും തമ്മിൽ സംഘർഷമാണ്.
എന്താണെങ്കിലും കാലടി വഴി വന്നതല്ലേ പുഴ ഒന്ന് കണ്ടേക്കാം എന്ന് കരുതി ഞങ്ങൾ ആശ്രമം കടവിൽ ഇറങ്ങുന്നു. പുറകെ കല്ലും കൊഴിയുമായി ഒരു സംഘം വിദ്യാർഥികൾ എത്തുന്നു, അവർ കാലടി സ്‌കൂളിലെ ആണ്, നീലേശ്വരത്തെ കുട്ടികളെ നോക്കി നടക്കുകയാണ്. പിന്നാലെ നീലേശ്വരം സ്‌കൂളിലെ കുട്ടികൾ എത്തുന്നു, അവരും ‘ആയുധ ധാരികൾ’ ആണ്.
പിന്നെ ഹിസ് ഹൈനെസ്സ് അബ്ദുള്ളയിലെ ശങ്കരാടി പറഞ്ഞത് പോലെ ‘യുദ്ധമായിരുന്നു യുദ്ധം’.
അന്നേ സുരക്ഷാ ബോധം ഉള്ളത് കൊണ്ട് ഞങ്ങൾ കണ്ടം വഴി ഓടി.
അവിടെയും മരണം ഒന്നും ഉണ്ടായില്ല.
എന്തുകൊണ്ടാണ് പതിറ്റാണ്ടുകൾ ആയി സ്‌കൂൾ വിദ്യാർത്ഥികളിൽ ഉൾപ്പടെ സംഘം ചേർന്നുള്ള അക്രമം നടക്കുന്നത്.
മുൻപ് പറഞ്ഞിട്ടുള്ളതാണ്, എന്നാലും ഒന്ന് കൂടി പറയാം.
1. കുട്ടികളെ ‘തല്ലി’ വളർത്തുമ്പോൾ ഒരു വിഷയത്തിലെ ന്യായവും അന്യായവും തീരുമാനിക്കുന്നത്തിനുള്ള ശരിയായ വഴി ‘അടി’ ആണെന്ന വിശ്വാസത്തോടെ കുട്ടികൾ വളരുന്നു. സ്‌കൂളിലെ അധ്യാപകർക്ക് വടി നൽകുകയല്ല വീട്ടിൽ നിന്നും വടി ഒഴിവാക്കുകയാണ് ഒന്നാമത് ചെയ്യേണ്ടത്.
2. കുട്ടികൾ ആണെങ്കിലും മുതിർന്നവർ ആണെങ്കിലും അക്രമത്തിന് മുതിർന്നാൽ അതിന് പ്രത്യാഘാതം ഉണ്ടാകണം. ഒരാൾ മരിക്കുമ്പോൾ കർശന നടപടികൾ ഉണ്ടാകുമ്പോൾ അല്ല എത്ര ചെറുതാണെങ്കിലും നിയമലംഘനമോ അക്രമമോ ഉണ്ടായാൽ അതിന് തക്ക ശിക്ഷ സമയോചിതമായി ലഭിക്കുമ്പോൾ ആണ് ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ കുറ്റവാളികൾക്കും ചെയ്യാതിരിക്കാൻ മറ്റുള്ളവർക്കും തോന്നുന്നത്.
3. മക്കളും മരു മക്കളും ഒക്കെ ഒരു അക്രമ സംഭവത്തിൽ ഇടപെട്ടാൽ സകല സാമൂഹ്യ സാമ്പത്തിക ബന്ധങ്ങളും ഉപയോഗിച്ച് അവരെ നിയമപരമായ ശിക്ഷയിൽ നിന്നും രക്ഷപെടുത്താൻ മാതാപിതാക്കളും ബന്ധുക്കളും അണി നിരക്കുന്നിടത്തോളം കാലം കുട്ടികൾ അക്രമങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും
4. അക്രമങ്ങൾ ഒക്കെ ചെയ്ത കുട്ടികളുടെ ബന്ധുക്കൾ കുട്ടികളെ നിയമ കുരുക്കിൽ നിന്നും ഒഴിവാക്കാൻ ശുപാർശയും ആയി വരുമ്പോൾ സാമൂഹ്യമായോ രാഷ്ട്രീയമായോ സാമ്പത്തികമോ ആയ കാരണങ്ങളാൽ പിന്തുണക്കുന്ന രാഷ്ട്രീയ – ഉദ്യോഗസ്ഥ സംവിധാനം നിലനിൽക്കുമ്പോൾ ഈ സാഹചര്യത്തിന് മാറ്റം ഉണ്ടാകില്ല. ഇക്കാര്യത്തിൽ കക്ഷിഭേദം ഒന്നും ഉണ്ടാവില്ല.
4. കുട്ടികൾ അക്രമ സംഭവങ്ങളിൽ ഏർപ്പെട്ടാൽ ‘കുട്ടികൾ അല്ലേ, ഒരു പ്രാവശ്യത്തേക്ക് ക്ഷമിക്കാം’ എന്നുള്ള തരത്തിൽ മയത്തിൽസ്‌കൂൾ അധികാരികളും പോലീസും കോടതിയും കാര്യങ്ങളെ കൈകാര്യം ചെയ്താൽ കുട്ടികൾ നന്നാവില്ല എന്ന് മാത്രമല്ല കുറ്റം ചെയ്യാൻ സാധ്യത ഉള്ളവരും അത് കാണുന്നുണ്ട്. ഇപ്പോൾ തന്നെ താമരശ്ശേരിയിലെ സംഭവത്തിൽ ‘കൂട്ടം കൂടി അക്രമം നടത്തിയാൽ കേസ് എടുക്കില്ല’ എന്നും ‘പരീക്ഷ ആയത് കൊണ്ട് പരിഗണന ലഭിക്കും’ എന്നൊക്കെ കുട്ടികൾ പരസ്പരം പറയുന്നത് ഇത്തരം അനുഭവ ബോധ്യത്തിൽ നിന്നാണ്.
വീട്ടിൽ ആണെങ്കിലും സ്‌കൂളിൽ ആണെങ്കിലും പുറത്താണെങ്കിലും അക്രമത്തിന് എതിരെ സീറോ ടോളറൻസ് ആയിരിക്കണം നമുക്ക്. അക്രമം കാണിക്കുന്നവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റവും വേഗത്തിൽ ലഭിക്കണം. നിയമത്തിന്റെ നടത്തിപ്പിൽ തെറ്റായ തരത്തിൽ ഇടപെടില്ല എന്ന് മാതാപിതാക്കളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇടപെടില്ല എന്ന് തീരുമാനിക്കണം.
ഇത്തരത്തിൽ അക്രമങ്ങൾ നടത്തിയ നൂറു പേർക്ക് സമയബന്ധിതമായി ശിക്ഷ ലഭിച്ചാൽ തീരാവുന്ന അക്രമ വാസന മാത്രമേ ഇപ്പോൾ കേരളത്തിൽ ഉള്ളൂ.
ഇപ്പോൾ ശ്രമിച്ചാൽ അത് മാറ്റാം.
എത്ര സുന്ദരമായ (നടക്കാത്ത) സ്വപ്നം.
മുരളി തുമ്മാരുകുടി
Discussion about this post