ലോകത്ത് ആര് ഒരിത്തിരിയോ ഒത്തിരിയോ സ്വർണം വാങ്ങിയാൽ അതിലൊരു ലാഭം കിട്ടാൻ സാധ്യതയുള്ള കമ്പനി. ഒരു നൂറ്റാണ്ടിലധികമായി ലോകത്തെ സ്വർണം ധരിപ്പിച്ചും ഉപയോഗിപ്പിച്ചും ശീലിപ്പിച്ചവർ. സ്വർണത്തിന്റെ വില റോക്കറ്റ് കണക്കെ കുതിക്കുന്ന ഈ സമയത്ത് ലോകത്തിലെ ഏറ്റവും വലിയ ആ സ്വർണകമ്പനിയെ കുറിച്ച് അറിഞ്ഞാലോ. ചരിത്രാതീത കാലം മുതൽക്കേ മനുഷ്യന്റെ കണ്ണ് മഞ്ഞളിപ്പിക്കുന്ന ലോഹമാണ് സ്വർണം. റോക്കറ്റ് കുതിക്കുന്നത് പോലെ സ്വർണവില വർദ്ധിച്ചാലും തരം കിട്ടിയാൽ ഇത്തിരിപൊന്ന് വാങ്ങിവയ്ക്കാൻ താത്പര്യപ്പെടുന്നവരാണ് സാധാരണക്കാർപോലും. ഒരു സുരക്ഷിതനിക്ഷേപം എന്ന രീതിയിലാണ് നമ്മൾ സ്വർണത്തെ കാണുന്നത്. മനുഷ്യന്റെ ഈ സ്വർണഭ്രമം തന്നെയാണ് ന്യൂമോണ്ട് കോർപ്പറേഷൻ എന്ന കമ്പനിയുടെ അടിത്തറയായും വളർന്ന് പന്തലിക്കാനാവശ്യമായ വളമായി തീർന്നതും.
ലോകത്തിലെ ഏറ്റവും വലിയ സ്വർണഖനി കമ്പനിയാണ് ന്യൂമോണ്ട് കോർപ്പറേഷൻ. കണക്കുകൾ പ്രകാരം 2022 -ൽ മാത്രം 8 ദശലക്ഷം ഔൺസ് അഥവാ ഏകദേശം 2,26,796 കിലോഗ്രാം സ്വർണ്ണമാണ് ഇവർ ഖനനം ചെയ്തത്. 1916 ൽ ന്യൂയോർലാണ് ന്യൂമോണ്ടിന്റെ സ്വർണോദയം. കേണൽ വില്യം ബോയ്‌സ് തോംപ്‌സൺ എന്നയാളാണ് കമ്പനി സ്ഥാപകൻ. യുഎസിലെ പ്രമുഖ നഗരങ്ങളായ ന്യൂയോർക്കും മൊണ്ടാനയും ചേർന്നതാണ് ന്യൂമോണ്ട്. മൊണ്ടാനയിൽ വേരുകളുള്ള തോപ്‌സൺ തന്റെ ജീവിതവിജയത്തിന് കാരണമായ ന്യൂയോർക്ക് സിറ്റിയെയും കമ്പനിയുടെ പേരിന്റെ ആദ്യാക്ഷരത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.
ഒരു ഹോൾഡിംഗ് കമ്പനിയായാണ് ന്യൂമോണ്ട് വിപണിയിലേക്ക് പ്രവേശിച്ചത്. ധാതുക്കൾ,എണ്ണ,അനുബന്ധ സംരംഭങ്ങൾ എന്നിവയിൽ നിക്ഷേപം നടത്തിയ കമ്പനി, തൊട്ടടുത്ത വർഷം 1917 ൽ തന്നെ സ്വർണ ഖനന വ്യവസായത്തിലേക്ക് ചുവടുവച്ചു. അങ്ങനെ ദക്ഷിണാഫ്രിക്കയിലെ ആംഗ്ലോ- അമേരിക്കൻ കോർപ്പറേഷനിൽ 25% ഓഹരി കമ്പനി സ്വന്തമാക്കി. 1921 -ഓടെ, കമ്പനി ന്യൂമോണ്ട് കോർപ്പറേഷനായി പുനഃസംഘടിപ്പിക്കപ്പെട്ടു. 1929 ൽ കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി കാലിഫോർണിയയിലെ എംപയർ സ്റ്റാർ മൈൻ കൂടെ വാങ്ങി. അങ്ങനെ ന്യൂമോണ്ട് പൂർണമായും ഖനനത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
Discussion about this post