തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി പി.എം. ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായാണ് പാലക്കാട് സ്വദേശിയായ ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തത്.പാലക്കാട് തേക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിലെ അംഗമാണ് ശ്രീനാഥ് നമ്പൂതിരി.
ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.നിലവിലെ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വെച്ച് നറുക്കെടുത്തത്.
ദേവസ്വത്തിൽ ലഭിച്ച 47 അപേക്ഷകളിൽ 45പേരുമായി രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ച നടത്തിയ ശേഷം അർഹത നേടുന്നവരുടെ പേരുകളാണ് നറുക്കെടുപ്പിന് പരിഗണിച്ചത്. നിയുക്ത മേൽശാന്തി സെപ്റ്റംബർ 30ന് ചുമതല ഏൽക്കും. തിരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും.
Discussion about this post